കെഎസ്ആര്‍ടിസിയിലേക്ക് പുതിയ ബസുകളുടെ ഒഴുക്ക് വീണ്ടും തുടരുകയാണ്. ആദ്യമെത്തിയ ടാറ്റയുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് മോഡലുകളും സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ക്കും ശേഷം ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസുകള്‍ കൂടി എത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളുടെ പരമ്പരാഗത നിറത്തില്‍ നിന്ന് വ്യത്യസ്തമായി പുതുമയുള്ള നിറത്തിലാണ് ഈ ലിങ്ക് ബസുകളും ഒരുക്കിയിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്‍ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളായിരുന്നെങ്കില്‍ അതിനുശേഷം എത്തിയിട്ടുള്ളവയെല്ലാം അശോക് ലെയ്‌ലാന്‍ഡ് മോഡലുകളാണ്. ലെയ്‌ലാന്‍ഡിന്റെ 10.5 മീറ്റര്‍ ഷാസിയാണ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനായി തിരഞ്ഞെടുത്തത്. ഈ ബസുകള്‍ക്കും ബോഡി ഒരുക്കിയിരിക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകാശ് എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ്. ടൂറിസ്റ്റ് ബസുകളില്‍ നല്‍കുന്ന വേഗാ ബോഡിയിലാണ് ഇത് ഒരുങ്ങിയിരിക്കുന്നത്.
3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ഈ ബസിന് കരുത്തേകുന്നത്. 150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമാണ് ഇതിലെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുക. കേബിള്‍ ഷിഫ്റ്റ് സംവിധാനത്തിനൊപ്പം എയര്‍ അസിസ്റ്റ് ക്ലെച്ചാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 3x2 ലേഔട്ടില്‍ 50 മുതല്‍ 55 സീറ്റുകള്‍ വരെ ഈ ഷാസിയില്‍ ഒരുങ്ങുന്ന ബസില്‍ നല്‍കാം.
സ്ലീപ്പറും മിനി ബസുകളും ഉള്‍പ്പെടെ 100 പുതിയ ബസുകളാണ് കെഎസ്ആര്‍ടിസി ഇറക്കുന്നത്. പുതുതായി എത്തുന്ന ബസുകള്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഈ വാഹനപ്രദര്‍ശനത്തില്‍ പ്രമുഖ വാഹനനിര്‍മാണ കമ്പനികളെല്ലാം പങ്കെടുക്കും. ത്രിവര്‍ണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്‌സുമൊക്കെയുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളും പ്രദര്‍ശനത്തിനുണ്ടാകും.
കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസിയുടെ സ്ലീപ്പര്‍ കം സീറ്റര്‍ ബസിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ലെയ്‌ലാന്‍ഡിന്റെ 13.5 മീറ്റര്‍ ഷാസിയില്‍ പ്രകാശ് കാപ്പെല്ല ബോഡിയിലാണ് ഈ ബസുകള്‍ ഒരുങ്ങിയിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റിനും ഫാസ്റ്റ് പാസഞ്ചറിനുമായി ടാറ്റയുടെ ഷാസിയില്‍ എജിസിഎല്‍ ബോഡി ഒരുക്കിയ ബസുകളാണ് എത്തിയത്. ഓഗസ്റ്റ് 21-നാണ് കെഎസ്ആര്‍ടിസിയില്‍ പുതുതായി എത്തിയ ബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.