കേരള പോലീസ് അസോസിയേഷനിലേക്ക് മത്സരം നടന്ന സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ യു.ഡി.എഫ്. വിഭാഗം നില മെച്ചപ്പെടുത്തി. തൃശൂർ സിറ്റിയിൽ മത്സരം നടന്ന 28 സീറ്റുകളിൽ 8 സീറ്റ് യു.ഡി.എഫ്. വിഭാഗം നേടി. റൂറലിൽ മത്സരിച്ച 9 സീറ്റുകളിൽ 6 സീറ്റും പ്രതിപക്ഷം നേടി. ക്യാമ്പിലെ സീറ്റുകൾ പ്രോക്സി വോട്ടുകളുടെ ബലത്തിലാണ് ഭരണപക്ഷം വിജയിച്ചത്. പ്രോക്സിവോട്ടുകൾ ഭീഷണിയിലൂടെയും സ്വാധീനിച്ചും നേടിയാണ് ജയം നേടിയതെന്ന് പ്രതിപക്ഷവിഭാഗം ആരോപിക്കുന്നു. തൃശൂർ റൂറലിൽ മത്സരം നടന്ന 9 സീറ്റുകളിൽ 6 സീറ്റിലും യു.ഡി.എഫ് വിഭാഗം വിജയിച്ചതും സിറ്റിയിൽ പ്രതിപക്ഷവിഭാഗം ജയിച്ച സീറ്റുകൾ എല്ലാം ലോക്കൽ പോലീസ് സ്റ്റേഷനുകളാണ് എന്നതും പോലീസുകാർക്കിടയിൽ എതിർവികാരം ശക്തമാണെന്ന് കാണിക്കുന്നു. നിലവിലെ ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ്. സി.ബി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും സംസ്ഥാന നിർവ്വാഹകസമിതി അംഗം സജു. ടി. വി. മുൻ സിറ്റി ജില്ലാ ട്രഷററും നിലവിലെ തൃശ്ശൂർ ജില്ലാ പോലീസ് കോപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പറുമായ ഷിബു ജോർജിനോട് എരുമപ്പെട്ടിയിലും പരാജയപ്പെട്ടത് ഭരണപക്ഷത്തിന് തിരിച്ചടിയായി. തൃശൂർ സിറ്റിയിൽ ആകെ 48 സീറ്റും റൂറലിൽ 33 സീറ്റുമാണ് ആകെയുള്ളത്. അവയിൽ മത്സരം നടന്ന സീറ്റുകൾ ഒഴികെയുള്ളവയിൽ നേരത്തെ എതിരില്ലാതെ ഭരണവിഭാഗം വിജയിച്ചിരുന്നു.
Tags
thrissur