ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആറ്റം ബോംബ് കൈയിലുണ്ടെന്നും തെളിവുകള്‍ പുറത്തുവന്നാല്‍ ബോംബ് പോലെ പൊട്ടുമെന്ന് ഓഗസ്റ്റ് ഒന്നിനാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. ഒരാഴ്ചയ്ക്ക് പിന്നാലെ ആ ബോംബ് പൊട്ടിക്കാനെന്ന പേരില്‍ രാഹുല്‍ വ്യാഴാഴ്ച മാധ്യമങ്ങളെ വിളിച്ചുകൂട്ടി. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ നിരത്തി രാഹുല്‍ തന്റെ കൈയിലുള്ള ബോംബ് പൊട്ടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു രാഹുലിന്റെ ആരോപണം.
സാധാരണ വാര്‍ത്താസമ്മേളനം വിളിക്കുകയും അതില്‍ മൈക്കിന് മുന്നില്‍ ഇരുന്ന് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യ രാഷ്ട്രീയത്തിലെ പതിവ് രീതി. എന്നാല്‍, രാഹുല്‍ വ്യാഴാഴ്ച നടത്തിയത് ദേശീയ രാഷ്ട്രീയത്തിലെതന്നെ പവര്‍ പോയന്റ് പ്രസന്റേഷനോട് കൂടി വിദേശ രാജ്യങ്ങളിലൊക്ക നേതാക്കള്‍ നടത്തുന്നതിന് സമാനമായ വ്യത്യസ്തമായ വാര്‍ത്താസമ്മേളനമായിരുന്നു. ഐ.ടി കമ്പനികളുടെ അവലോകന മീറ്റിങ് മാതൃകയില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ ആകെ വോട്ടും അതിലെ കൃത്രിമം എന്തൊക്കെ എങ്ങനെയൊക്കെ ഒരേ വിലാസത്തില്‍ ഇത്ര പേര്‍ക്ക് വോട്ട്, വോട്ടറുടെ പിതാവിന്റെ സ്ഥാനത്ത് പൂജ്യം അങ്ങനെ രേഖാപ്രകാരം ഓരോ സ്ലൈഡുകളാക്കി എന്താണ് എങ്ങനെയാണ് എന്നാണ് രാഹുല്‍ അവതരിപ്പിച്ചത്. ഈ രീതിയും രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാണ്. സാധാരണ വന്‍ പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് ഈ രീതിയില്‍ കണ്ടിട്ടുള്ളത്
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോപണങ്ങള്‍ തള്ളിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്തമായ രീതിയില്‍ തെളിവുകള്‍ നിരത്തിയുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ അവര്‍ ബാധ്യസ്ഥരായിരിക്കുകയാണ്. രാഹുല്‍ ഉന്നയിച്ച ആരോപണത്തിനു പിന്നാലെ തെളിവ് ഹാജരാക്കാനാവശ്യപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. തെളിവുകള്‍ ഹാജരാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറയുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ജനാധിപത്യ പ്രേമികള്‍ ആശങ്കയോടെയും ഗൗരവത്തോടെയുമാണ് നോക്കി കാണുന്നത്.
തെളിവുകള്‍ ഒന്നൊന്നായി നിരത്തി രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനവും തുടര്‍ന്നുള്ള നീക്കങ്ങളും ഇന്ത്യ മുന്നണിയുടെ ഐക്യത്തിന്റെയും തന്ത്രപരമായ ആസൂത്രണത്തിന്റെയും പ്രകടനമായി മാറുകയും ചെയ്തുവെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രാഹുല്‍ തന്റെ വസതിയില്‍ ഇന്ത്യ മുന്നണി നേതാക്കളെ വിളിച്ച് 'അത്താഴ നയതന്ത്രവും' നടത്തി.
പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യാ ബ്ലോക്കിലെ ഏകദേശം 50 മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച നടന്ന അത്താഴ നയതന്ത്ര പരിപാടിയില്‍ ഒത്തുകൂടി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വ്യാപകമായ തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്റെ 'മൂര്‍ത്തമായ തെളിവ്' എന്ന് വിശേഷിപ്പിച്ചത് അവതരിപ്പിച്ചു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുചേര്‍ന്നുവെന്ന് നേരിട്ട് ആരോപിച്ചു.
'ജനാധിപത്യം തകര്‍ക്കപ്പെട്ടു' എന്ന തലക്കെട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ വിശദമായ അവതരണമായിരുന്നു അത്താഴ നയന്ത്ര പരിപാടിയുടെ കാതല്‍. ബൂത്ത് തലത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ച് അദ്ദേഹം ഇന്ത്യ സഖ്യ നേതൃത്വത്തെ ധരിപ്പിച്ചു. 25 പാര്‍ട്ടികളില്‍നിന്നായി 50ഓളം നേതാക്കള്‍ പങ്കെടുത്തു.
മാസങ്ങളെടുത്ത് വിശകലനം ചെയ്ത് രാഹുല്‍ നടത്തിയ ഡാറ്റ പ്രസന്റേഷന്‍ എല്ലാവരിലും കൗതുകമുണര്‍ത്തിയെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിലെ ഉന്നതരെ ഒരുമിച്ച് കൊണ്ടുവന്ന അത്താഴ വിരുന്ന്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ മുഖവുര തയ്യാറാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ബൂത്ത് തല തന്ത്രങ്ങളിലൂടെ വോട്ട് സമാഹരിക്കാനും തട്ടിപ്പുകള്‍ സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ജാഗ്രത ഉണ്ടാക്കിയെടുക്കുന്നതിനും യോഗത്തില്‍ തീരുമാനങ്ങളെടുത്തുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഓഗസ്റ്റ് 11-ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനുള്ള ഇന്ത്യ മുന്നണിയുടെ തീരുമാനത്തില്‍ സമവായം കൊണ്ടുവരാനും രാഹുല്‍ ഗാന്ധിയുടെ അവതരണം സഹായകരമായി എന്നാണ് വിലയിരുത്തല്‍. ഇതോടെ മാര്‍ച്ച് ഇന്ത്യ മുന്നണിയുടെ ഔദ്യോഗിക പ്രതിഷേധമായി മാറും.
കൂടാതെ തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറില്‍ വോട്ടര്‍ പട്ടിക ക്രമക്കേട് സംബന്ധിച്ച് വ്യാപക പ്രചാരണങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ അവസാനിക്കുന്ന യാത്രയായിരിക്കും മഹാസഖ്യം നടത്തുക. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പൊതുജന പിന്തുണ തേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുകയും ബൂത്ത് തലത്തിലുള്ള മുന്നണിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും നടത്തും.