ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താനിലൂടെയുള്ള വ്യോമപാത അടച്ചു: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്



ഇസ്ലാമാബാദ്: ഏപ്രിൽ 24 മുതൽ ജൂൺ 20 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. രണ്ടുമാസത്തെ വ്യോമപാത അടച്ചിടല്‍ പാകിസ്താന് വരുത്തിവച്ചിരിക്കുന്നത് 125 കോടി രൂപയുടെ നഷ്ടമാണെന്നാണ്‌ വിവരം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദിവസേന 100 മുതല്‍ 150 ഇന്ത്യന്‍ വിമാനങ്ങളുടെ സര്‍വീസാണ് തടസപ്പെട്ടത്. ഇത് മൊത്തം വ്യോമഗതാഗതത്തില്‍ 20% ഇടിവുണ്ടാക്കി. അത് ഓവര്‍ ഫ്‌ലൈയിംഗ് ഫീസില്‍നിന്നുള്ള വരുമാനം കുറയ്ക്കുകയും ചെയ്തു. ഇതുമൂലം, 2025 ഏപ്രില്‍ 24-നും ജൂണ്‍ 20-നും ഇടയില്‍ ഇന്ത്യയ്ക്കുള്ള വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (പിഎഎ) 125 കോടി ഇന്ത്യന്‍ രൂപ (400 കോടി പാകിസ്താൻ രൂപ) ആണ് നഷ്ടമുണ്ടായിരിക്കുന്നത്.
ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയുള്ള വരുമാനനഷ്ടം ഓവര്‍ ഫ്‌ലൈയിംഗ് ചാര്‍ജുകളുമായി ബന്ധപ്പെട്ടതാണെന്നും, ഇത് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത തുകയേക്കാള്‍ കുറവാണെന്നും ഫെഡറല്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ നയതന്ത്രപരമായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ, ഏപ്രില്‍ 23-ന് ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി, അതായത് 2025 ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്താന്‍ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം, പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യയും ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال