ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏഴ് പാര്‍ട്ടികളടക്കം രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. 2019 മുതല്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്.
ഉത്തര്‍പ്രദേശില്‍ മാത്രം 115 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ നിന്ന് ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (ബോള്‍ഷെവിക്), സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും 2854 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുമാണ് രാജ്യത്തുള്ളത്. അതില്‍ 334 എണ്ണത്തെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.