കേരള സർവകലാശാല പ്രതിസന്ധി രൂക്ഷമാകുന്നു. രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ വിടാതെ വി സി മോഹനൻ കുന്നുമ്മൽ. കെ എസ് അനിൽകുമാറിന് ശമ്പളം നൽകരുതെന്ന വി സിയുടെ ഉത്തരവ് നടപ്പിലാക്കി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും നൽകിയില്ല. രണ്ട് ശമ്പള പട്ടികയിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. സസ്പെൻഷനിലായ ഉദ്യോഗസ്ഥന് ശമ്പളം നൽകേണ്ടതില്ല എന്നാണ് വിസിയുടെ നിലപാട്. അതേസമയം, കോടതി വിധിക്ക് ശേഷം തുടർനടപടിയെന്ന് സിൻഡിക്കേറ്റ് അറിയിച്ചു.
കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരായ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ശമ്പളം തടഞ്ഞു വെക്കുമെന്ന് നേരത്തെ വൈസ് ചാൻസലർ അറിയിച്ചിരുന്നു. സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥന് ശമ്പളം നൽകേണ്ടതില്ല എന്നും സസ്പെൻഷൻ കാലയളവിലെ അലവൻസ് മാത്രം നൽകിയാൽ മതി എന്നുമായിരുന്നു വിസി രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന് നിർദേശം നൽകിയത്.
ഇത് നിയമവിരുദ്ധമാണെന്നും അംഗീകരിക്കില്ലെന്നും സിൻഡിക്കേറ്റ് പ്രഖ്യാപിച്ചു. വൈസ് ചാൻസലർ അന്ന് പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ജൂലൈ മാസത്തെ ശമ്പളം ഇതുവരെയും അനിൽകുമാറിന് ലഭിച്ചിട്ടില്ല. രണ്ട് ഘട്ടങ്ങളിലായിട്ടാണ് സർവ്വകലാശാലയിൽ ശമ്പള വിതരണം നടക്കുക. ആദ്യത്തേത് ഒന്നാം തീയതിയും രണ്ടാമത്തേത് ആറാം തീയതിയും. ഈ രണ്ടു പട്ടികകളിലും അനിൽകുമാർ ഉൾപ്പെട്ടിട്ടില്ല.
ഇതോടുകൂടി തന്നെ നിലപാടിൽ നിന്ന് പിന്നോട്ടില്ല എന്ന പ്രഖ്യാപനം കൂടിയാണ് വൈസ് ചാൻസലർ നടത്തുന്നത്. മറുവശത്ത് കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രജിസ്ട്രാറും സിൻഡിക്കേറ്റും. തന്നെ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്ന് കാട്ടി അനിൽകുമാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ട്. കേസിന്റെ വിധി വന്നശേഷം തുടർനടപടി സ്വീകരിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനം.