ന്യൂഡല്‍ഹി: കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ പരിഗണന വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരള ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറലിനാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആണ് ഈ നിര്‍ദേശം നല്‍കിയത്. കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ദേശം.
കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വമേധയാ കേസ് എടുത്ത് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയത്. ഈ പ്രത്യേക ബെഞ്ചാണ് കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. 2016-ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ബ്രഹ്‌മപുരം തീപ്പിടിത്തം പരിഗണിക്കാന്‍ രൂപീകൃതമായ പ്രത്യേക ബെഞ്ചിനെ ചുമതലപെടുത്തിയിരുന്നത് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2023 മാര്‍ച്ച് 21-ന് പ്രത്യേക ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2016-ലെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണ ചട്ടവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് 2023 മാര്‍ച്ച് 7-ന് പുറപ്പെടുവിച്ചിരുന്നതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ നിര്‍ദേശങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുമായി ബന്ധപെട്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതിന് ശേഷമാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ രൂപീകരിച്ച ബെഞ്ച് കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പുറപ്പടുവിച്ച നിര്‍ദ്ദേശങ്ങളോ കേസുമായി ബന്ധപ്പെട്ടവരുടെ വാദമോ കേട്ടിരുന്നില്ലെന്നും സുപ്രീം കോടതിചൂണ്ടിക്കാട്ടി.