ഹരിപ്പാട് (ആലപ്പുഴ): തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ രമേശ് ചെന്നിത്തല എംഎല്‍എയ്ക്കും കുടുംബത്തിനും ഇരട്ടവോട്ടെന്ന് ആരോപണം. രമേശിന്റെ കുടുംബവീട് ഉള്‍പ്പെടുന്ന ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാര്‍ഡിലും എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് ഉള്‍പ്പെടുന്ന ഹരിപ്പാട് നഗരസഭാ 29-ാം വാര്‍ഡിലുമാണ് അദ്ദേഹത്തിനൊപ്പം ഭാര്യ അനിതാ രമേശ്, മക്കളായ രോഹിത്, രമിത്, മരുമകള്‍ ശ്രീജ കെ. ഭാസി എന്നിവര്‍ വോട്ടര്‍പട്ടികയിലുള്ളത്.
തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിലെ പട്ടികയില്‍നിന്ന് രമേശിനെയും കുടുംബത്തെയും ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിരുന്നതായി ഹരിപ്പാട് നഗരസഭാ ചെയര്‍മാന്‍ കെ.കെ. രാമകൃഷ്ണന്‍ പറഞ്ഞു.
ഇത്തവണ കരടുപട്ടികയില്‍ ഹരിപ്പാട് നഗരസഭയിലെ വോട്ടര്‍പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, തൃപ്പെരുന്തുറയിലെ കരടുപട്ടികയില്‍ ഇവരെ നിലനിര്‍ത്തിയതായി അവിടത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടെത്തി. അതനുസരിച്ചാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
കുടുംബവീടുള്ള തൃപ്പെരുന്തുറയിലാണ് രമേശും കുടുംബവും വര്‍ഷങ്ങളായി വോട്ടു ചെയ്തിരുന്നത്. ഹരിപ്പാട് എംഎല്‍എ ആയതിനുശേഷം 14 വര്‍ഷം മുന്‍പാണ് അദ്ദേഹം ഹരിപ്പാട്ട് വാടക വീടെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇവരുടെ വോട്ട് ഹരിപ്പാട് മണ്ഡലത്തിലേക്കു മാറ്റിയത്. അന്ന് എല്ലാവരും ഹരിപ്പാട്ടാണ് വോട്ടുചെയ്തത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേക്കും വോട്ട് ചെന്നിത്തലയില്‍നിന്ന് ഹരിപ്പാട്ടേക്കു മാറ്റാന്‍ ഇത്തവണയാണ് അപേക്ഷ നല്‍കിയത്.