കാസർകോട്: പോലീസിലെ വിരമിക്കൽ ഒഴിവുകളിൽ 154 എണ്ണം ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിനായി മാറ്റിവെക്കാൻ തീരുമാനം. ജൂലായ് ഒന്നുമുതൽ 2026 മേയ് 31 വരെ പോലീസ് വകുപ്പിൽ പ്രതീക്ഷിക്കുന്നത് 1209 വിരമിക്കൽ ഒഴിവുകളാണ്. ഇതിൽനിന്നാണ് 154 തസ്തികകൾ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിനായി മാറ്റിവെക്കുന്നത്. ഇതൊഴികെയുള്ള തസ്തികകളിലാകും പുതിയ നിയമനം നടക്കുക.
സംസ്ഥാന പോലീസിനെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായാണ് ഇന്ത്യ റിസർവ് ബറ്റാലിയന് രൂപം നൽകിയത്. റെഗുലർ, കമാൻഡോ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഇതിലുണ്ട്. ഇതിൽ റെഗുലർ വിഭാഗത്തെ സംസ്ഥാനത്തിനകത്തും പുറത്തുമുളള അടിയന്തര ക്രമസമാധാനപാലനത്തിനും തീവ്രവാദവിധ്വംസക പ്രവർത്തനങ്ങൾ അമർച്ച ചെയ്യാനും പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കുമാണ് നിയോഗിക്കുന്നത്. കമാൻഡോ വിഭാഗത്തിലുള്ളവരെ വടക്കൻ ജില്ലകളിലെ മാവോവാദി ഭീഷണിയുള്ള സ്ഥലങ്ങളിലാണ് വിന്യസിച്ചിട്ടുള്ളത്.
ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിലേക്ക് 154 താത്കാലിക പരിശീലന തസ്തികകൾക്ക് 2019 നവംബറിലാണ് അനുമതി നൽകിയത്. പിന്നീട് ഈ തസ്തികകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തെങ്കിലും റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിനാൽ നിയമനം നടന്നില്ല. പിന്നീട് കമാൻഡോ വിഭാഗത്തിനായി 2022-ൽ അപേക്ഷ ക്ഷണിക്കുകയും 2024 മേയിൽ നിലവിൽവന്ന റാങ്ക് ലിസ്റ്റ്പ്രകാരം നിയമനം നടത്തുകയും ചെയ്തു. 2019 നവംബർ മുതൽ 18 മാസത്തേക്കായിരുന്നു പരിശീലന തസ്തികകൾക്ക് അനുമതി നൽകിയത്. അതിനാൽ ഈ തസ്തികകൾക്ക് ഇപ്പോൾ സാധുതയില്ല. ഇതിൽ ഇപ്പോൾ ഒഴിവുള്ള 27 എണ്ണം ഒഴികെയുള്ള 127 തസ്തികകൾ അംഗീകൃത അംഗബലത്തിന് ഉപരിയായതിനാൽ 2025 മാർച്ചിൽ സൃഷ്ടിച്ച കമാൻഡോകളുടെ 56 തസ്തികകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല.