വോട്ട് ക്രമക്കേട്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം



ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

നേരത്തെ വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്‍റെ നോട്ടീസ് തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്ന വോട്ടര്‍പട്ടിക ക്രമക്കേട് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. വിഷയം വലിയ തോതില്‍ ചര്‍ച്ചയായെങ്കിലും മറുപടി നല്‍കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഡിജിറ്റല്‍ വോട്ടര്‍പട്ടിക കൈമാറാതെയും വീഡിയോ തെളിവുകള്‍ (സിസിടിവി ദൃശ്യങ്ങള്‍) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സര്‍ക്കുലറിറക്കിയും കമ്മിഷന്‍ ബിജെപിക്ക് ഒത്താശചെയ്യുന്നെന്നാണ് രാഹുലിന്റെ ആരോപണത്തിനും കമ്മിഷന്‍ ഉത്തരംനല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാംപയിന്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചത്. വിഷയമുയര്‍ത്തി രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷപാര്‍ട്ടികളുടെ എംപിമാര്‍ പ്രതിഷേധമാര്‍ച്ച് നടത്തുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال