തിരുവനന്തപുരം: 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഓഗസ്റ്റ് 14-ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് രാജ്ഭവന്‍ നിര്‍ദേശം നല്‍കി.
ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പരിപാടികള്‍ സംഘടിപ്പിക്കാന്‍ അതതു സർവകലാശാല വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാനുകള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഗവർണർ പുറത്തുവിട്ടു.
കേന്ദ്ര സര്‍ക്കാര്‍ 2021 മുതല്‍ ഓഗസ്റ്റ് 14-ന് വിഭജന ഭീതി ദിനം ആചരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തവണ സര്‍വകലാശാലകള്‍ക്കും ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഭജനം എത്രത്തോളം ഭീതിജനകമായിരുന്നു എന്നതു സംബന്ധിച്ച് സെമിനാറുകള്‍, നാടകങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും വിസിമാരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.