പളളിയില്‍വെച്ച് മാല മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളൾ അറസ്റ്റില്‍ 



തിരുവനന്തപുരം (വലിയതുറ): വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തില്‍വെച്ച് യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍. പള്ളിയിലെ ക്രിസ്തുരാജ പ്രതിമയില്‍ ഹാരം ചാര്‍ത്തുകയായിരുന്ന യുവതിയുടെ മൂന്നേകാല്‍ പവന്റെ സ്വര്‍ണമാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട ഇരുവരെയും വലിയതുറ പോലീസാണ് പിടികൂടിയത്.

തമിഴ്നാട് തൂത്തുക്കുടി മാരിയമ്മന്‍ തെരുവില്‍ ഡോര്‍ നമ്പര്‍ 23-ല്‍ പളനിയമ്മ (45), കൊടകാദി (46) എന്നിവരാണ് അറസ്റ്റിലായത്. ആനയറ സ്വദേശിയായ യുവതിയുടെ മാലയാണ് പ്രതികള്‍ കവര്‍ന്നത്. ഈ മാസം എട്ടിന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വീടുകളില്‍ നിന്ന് പഴയ വസ്ത്രങ്ങള്‍ വാങ്ങുന്ന സംഘത്തിലുളളവരാണ് ഇവര്‍. വെട്ടുകാട് മേഖലയിലെ വീടുകളിലെത്തി പഴയ വസ്ത്രങ്ങള്‍ വാങ്ങി ശേഖരിച്ചശേഷമാണ് ഇവര്‍ പളളി വളപ്പിലെത്തിയത്.
ദേവാലയത്തിന്റെ പുറത്തുളള ക്രിസ്തുരാജ പ്രതിമയില്‍ ഹാരം ചാര്‍ത്തുന്നതിനിടയില്‍ പിന്നിലുണ്ടായിരുന്ന പളനിയമ്മയും കൊടകാദിയും യുവതിയുടെ മാല കവര്‍ന്നശേഷം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മാല നഷ്ടപ്പെട്ട യുവതി വലിയതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയെ കണ്ടെത്തി.
ഓട്ടോഡ്രൈവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്‌റ്റേഷന്‍ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഇന്‍സമാം, ജയശ്രീ, സീനിയര്‍ സിപിഒമാരായ ഷീജ, ഷൈനി, സിപിഒമാരായ അഭിലാഷ്, കിഷോര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് വെട്ടുകാട് മുതല്‍ കഴക്കൂട്ടം വരെയുളള 200 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്താണ് ഇവര്‍ തമ്പടിച്ചിരുന്നത്. വൈകാതെ പോലീസ് ഇവിടെയെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരത്തെത്തി ബസ് യാത്രക്കാരായ സ്ത്രീകളുടെ മാലകള്‍ കവരുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് വലിയതുറ പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال