പ്രൊഫ എം കെ സാനു മാഷിന് വിട നല്‍കി സാംസ്‌കാരിക കേരളം



പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ എം കെ സാനു മാഷിന് വിട നല്‍കി സാംസ്‌കാരിക കേരളം. രവിപുരം പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകള്‍.ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. നിരവധി തലമുറകളുടെ ജീവിതവഴികളില്‍ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെയായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

1926 ഒക്ടോബര്‍ 27ന് പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. നാലു വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു.വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

വര്‍ത്തമാനകാല കേരളസമൂഹത്തേയും കേരള ചരിത്രത്തേയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال