വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഫേസ് ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്


വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായോ, ജോലിക്കോ പോകാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേരള പൊലീസ് ഫേസ് ബുക്കിൽ പങ്കുവെച്ചു. അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളിൽ മയങ്ങി ഒരിക്കലും തീരുമാനങ്ങളെടുക്കരുതെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു.

റിക്രൂട്ടിങ് ഏജൻസികളെ സമീപിക്കുമ്പോൾ e MIGRATE ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏജൻസികളാണോ എന്ന് ഉറപ്പു വരുത്തണമെന്നും പൊലീസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

നമ്മൾ മലയാളികളാണ് … മണ്ടന്മാരല്ല ..!!
നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ, ജോലിക്കോ പോകാൻ ശ്രമിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
മറ്റു രാജ്യങ്ങളിൽ നിയമവിരുദ്ധമായി പ്രവേശിച്ചാലോ, ജോലിയിലേർപ്പെട്ടാലോ നിങ്ങൾ നിയമനടപടികൾ നേരിടേണ്ടതായി വരും. അത് നിങ്ങൾ അവിടെ ജയിലിലാകുവാനും വലിയ പിഴ അടയ്ക്കാൻ ബാധ്യസ്ഥനാകുവാനും കാരണമാകും.

അനധികൃതമായി കുടിയേറ്റപ്പെട്ടവർ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാർക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ട്.

അംഗീകൃത ഏജൻസികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർ അവിടത്തെ തൊഴിൽരീതികളെക്കുറിച്ചോ, തൊഴിൽദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴിൽസാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വർധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളിൽ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുത്.

e MIGRATE ൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ മാത്രം ആശ്രയിക്കുക.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال