തടവിലായ ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജിയിൽ വീണ്ടും വഴിത്തിരിവ്

കൊച്ചി: തടവിലായ ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥനായ 63-കാരൻ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജിയിൽ വീണ്ടും വഴിത്തിരിവ്. പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ ഗ്വാളിയർ സ്വദേശിനിയായ 42-കാരി ഹർജിക്കാരനുമായി വിവാഹബന്ധമില്ലെന്നും സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത് തുടരാൻ താത്പര്യമില്ലെന്നും അറിയിച്ചു. ഹർജിക്കാരൻ ബ്ലാക്‌ മെയിലിങ് തുടങ്ങിയതോടെ സൗഹൃദത്തിൽനിന്ന് ഒഴിവാക്കാനായാണ് താൻ മരിച്ചെന്ന സന്ദേശവും ശവസംസ്കാരത്തിന്റെ ദൃശ്യങ്ങളും മറ്റ് ഫോൺ നമ്പറുകളിൽനിന്ന് അയച്ചുകൊടുത്തതെന്നും യുവതി വ്യക്തമാക്കി.

നിയമപരമായ വിവാഹബന്ധം ഉണ്ടായിട്ടില്ലെന്നും പള്ളിയിൽ വെച്ച് താലികെട്ടുകയായിരുന്നുവെന്നും കോടതിയിൽ ഹാജരായ ഹർജിക്കാരനും സമ്മതിച്ചു. തന്റെ രണ്ടുകോടി രൂപ യുവതിയും കൂട്ടരും തട്ടിയെടുത്തത് തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പണം ഹർജിക്കാരൻ സ്വമേധയാ നൽകിയതാണെന്നായിരുന്നു യുവതിയുടെ വാദം.
താൻ ആരുടെയും തടങ്കലിൽ അല്ലെന്നും ജീവന് ഭീഷണിയില്ലെന്നും ബോധിപ്പിച്ചു. ഈ വിവരങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹേബിയസ് കോർപ്പസ് ഹർജി തള്ളി. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സാമ്പത്തിക വഞ്ചനയടക്കം നടന്നിട്ടുണ്ടെങ്കിൽ ഇരുകൂട്ടർക്കും നിയമപരമായി നീങ്ങാമെന്നും കോടതി വ്യക്തമാക്കി.
തൃശ്ശൂർ സ്വദേശി കെ.എം. ജോസഫ് സ്റ്റീവൻ എന്നയാളും കൂട്ടാളികളും ഭാര്യയെ തടവിലാക്കിയെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. മേയ് 17-നുശേഷം ഭാര്യയെക്കുറിച്ച് യാതൊരു വിവരവും തനിക്കറിയില്ലെന്നുമായിരുന്നു വിശദീകരിച്ചത്. ഇതിനിടെ ഒരു അഭിഭാഷകന്റെയും കന്യാസ്ത്രീയുടെയും പേരിൽ ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഫോൺ സന്ദേശങ്ങളും ലഭിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനുപിന്നാലെയാണ് യുവതിയെ മരടിലെ താമസസ്ഥലത്തുനിന്ന് കണ്ടെത്തിയതും കോടതിയിൽ ഹാജരാക്കിയതും. ജോസഫ് സ്റ്റീവൻ എന്ന പേര് ലെനിൻ തമ്പി എന്ന് ഹർജിക്കാരൻ പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു. പേരിലും വിലാസത്തിലും വ്യക്തതയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാട്രിമോണിയൽ പരസ്യത്തിലൂടെയാണ് ഹർജിക്കാരനും യുവതിയും പരിചയപ്പെട്ടത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال