കോഴിക്കോട്: കേരളത്തിലെ 10 ടെക്സ്‌റ്റൈല്‍ ഗ്രൂപ്പുകളിലായി 1200 കോടിയുടെ നികുതിവെട്ടിപ്പ് ആദായനികുതിവകുപ്പ് കണ്ടെത്തി. ചൈനയില്‍നിന്നടക്കം തുണിത്തരങ്ങള്‍ വാങ്ങുന്നതിന് റിവേഴ്‌സ് ഹവാല ഇടപാട് നടത്തുന്നതായും പരിശോധനയില്‍ വ്യക്തമായി. ഇങ്ങനെ കള്ളപ്പണം വെളുപ്പിച്ചതിനാല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനുകൂടി ആദായനികുതിവകുപ്പ് വിവരങ്ങള്‍ കൈമാറും. ചെന്നൈയില്‍നിന്നും കേരളത്തില്‍നിന്നുമുള്ള അറുനൂറോളം ആദായനികുതി ഉദ്യോഗസ്ഥര്‍ 10 ടെക്സ്‌റ്റൈല്‍ ഗ്രൂപ്പുകളുടെ 45 സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കേരളത്തിനുപുറത്തുള്ള മില്ലുകളില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങുന്നത് ഹവാലാ ഇടപാട് വഴിയാണെന്ന് ആദായനികുതിവകുപ്പ് കോഴിക്കോട് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍നടന്ന പരിശോധനയില്‍ നേരത്തേ കണ്ടെത്തിയിരുന്നു.
കൊടുവള്ളി ഉള്‍പ്പെടെയുള്ള കേരളത്തിലെ സ്വര്‍ണക്കടത്ത് ഹവാല സംഘങ്ങളുമായി ഈ ടെക്സ്‌റ്റൈല്‍ ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം അവര്‍ സംസ്ഥാനത്തിനുപുറത്ത് വിറ്റ് ടെക്സ്‌റ്റൈല്‍സുകള്‍ക്കുവേണ്ടി തുണിമില്ലുടമകള്‍ക്ക് പണം നല്‍കും. അതിനുപകരം തുക ടെക്സ്‌റ്റൈല്‍സ് ഉടമകള്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് ഇവിടെവെച്ച് കൈമാറും.
ഈ രീതിയില്‍ ഇടപാടുനടക്കുന്നതിനാല്‍ മറ്റുസംസ്ഥാനങ്ങളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ പണം കേരളത്തിലേക്ക് നേരിട്ടുവരില്ല. അതുകൊണ്ട് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നടക്കുന്ന പരിശോധനയില്‍ പിടിക്കാനും കഴിയില്ല. വര്‍ഷങ്ങളായി ഈ ഗ്രൂപ്പുകള്‍ ഈ രീതിയാണ് പിന്തുടരുന്നത്. കേരളത്തിലെ ഒരു കമ്പനി വികസിപ്പിച്ച സോഫ്റ്റ്വേര്‍ ഉപയോഗിച്ച് യഥാര്‍ഥ കച്ചവടത്തെക്കാള്‍ കുറച്ചുകാണിക്കാന്‍ മൂന്നുതരം ബില്ലുകള്‍ ഉപയോഗിച്ചാണ് ടെക്സ്‌റ്റൈല്‍സ് ഉടമകള്‍ നികുതിവെട്ടിപ്പ് നടത്തിയത്. അതുകൊണ്ട് സോഫ്റ്റ്വേര്‍ വികസിപ്പിച്ച കമ്പനിക്കെതിരേയും ആദായനികുതിവകുപ്പിന്റെ നടപടിയുണ്ടാവും. ബില്ലുകളില്‍ കൃത്രിമം കാട്ടി ടെക്സ്‌റ്റൈല്‍സുകള്‍ ജിഎസ്ടിയില്‍ വെട്ടിപ്പുനടത്തിയിട്ടുണ്ട്.