തിരുവനന്തപുരം: വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെങ്കിലും പരിസര ശുചിത്വത്തിന്‍റെ കാര്യത്തിൽ മഹാനഗരങ്ങളോട് മത്സരിച്ച് തോൽക്കുന്നതായിരുന്നു കേരളത്തിന്‍റെ പതിവ്. ഇത്തവണ ആ പതിവിനൊരു വലിയ മാറ്റമുണ്ട്. നഗരങ്ങളിലെ ശുചിത്വനിലവാരം സംബന്ധിച്ച് കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടത്തിവരുന്ന ദേശീയ ശുചിത്വ സർവ്വേയായ സ്വഛസർവേക്ഷന്റെ ഒൻപതാം പതിപ്പിൽ കേരളം വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
കഴിഞ്ഞ സർവേയിൽ ഇന്ത്യയിലെ 4900 ത്തോളം വരുന്ന നഗരങ്ങളിൽ കേരളത്തിലെ ഒറ്റ നഗരംപോലും ആയിരം റാങ്കിനുള്ളിലില്ലായിരുന്നെങ്കിൽ ഇത്തവണ സംസ്ഥാനത്തെ 93 നഗരസഭകളിൽ 82 ഉം ആയിരം റാങ്കിനകത്താണ്, ജനസംഖ്യാടിസ്ഥാനത്തിൽ ആദ്യ 100 നഗരങ്ങളുടെ പട്ടികയിൽ കൊച്ചി, മട്ടന്നൂർ, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവന്തപൂരം, കൊല്ലം എന്നീ 8 നഗരങ്ങൾ ഇടം പിടിച്ചു. മട്ടന്നൂർ നഗരസഭയ്ക്ക് പ്രോമിസിങ് സ്വഛ് ശഹർ അവാർഡും ഉണ്ട്.
തിരുവനന്തപുരം കോർപ്പറേഷന് വാട്ടർ പ്ലസ്, കൊച്ചി കോർപ്പറേഷൻ, കൽപ്പറ്റ, ഗുരുവായൂർ നഗരസഭകൾക്ക് വെളിയിട വിസർജ്യ മുക്ത പ്രവർത്തനങ്ങളിലെ മികവ്, ഗാർബേജ് ഫ്രീ സിറ്റി ക്യാറ്റഗറിയിൽ ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾക്ക് 3 സ്റ്റാർ റേറ്റിംഗ്, മറ്റ് 20 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി 1 സ്റ്റാർ പദവിയുമുണ്ട്. 1) ദൃശ്യമായ ശുചിത്വം; 2) വേർതിരിക്കൽ, ശേഖരണം, മാലിന്യനീക്കം; 3) ഖരമാലിന്യ പരിപാലനം; 4) ശുചിത്വ സംവിധാനം (മതിയായ പൊതു ടോയിലറ്റ് സംവിധാനം); 5) യൂസ്ഡ് വാട്ടർ മാനേജ്മെന്റ് 6) ഡീസ്ലഡ്ജിംഗ് സേവനങ്ങളുടെ യന്ത്രവൽക്കരണം; 7) ശുചിത്വത്തിനു വേണ്ടിയുള്ള അഡ്വക്കേസി-ശുചിത്വ അംബാസിഡർ/ചാമ്പിയൻ/ഇൻ്റേൺഷിപ്പ് 8) പരിസ്ഥിതിശാസ്ത്രവും സ്ഥാപന പാരാമീറ്ററുകളും ശക്തിപ്പെടുത്തുക; 9) ശുചിത്വ തൊഴിലാളികളുടെ ക്ഷേമം; 10) പൗരൻമാരുടെ അഭിപ്രായവും, പരാതി പരിഹാരവും തുടങ്ങി പത്ത് സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു 2024-25ലെ ശുചിത്വ മത്സരം. മുൻ വർഷത്തിൽ ശരാശരി 26% മാർക്കായിരുന്നു നഗരസഭകൾ നേടിയിരുന്നതെങ്കിൽ ഈ വർഷം അത് ശരാശരി 56% മായി ഉയർന്നു.