തൃശൂർ: 2023–24ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനായി കേരളത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ചുമതല വഹിച്ച സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്സഭാമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകൾ തിരുകികയറ്റിയെതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി എൻ പ്രതാപൻ. ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം. കാരണം കരട് വോട്ടർ പട്ടികയിൽ രാഷ്ട്രീയ പ്രതിനിധികളായ ബൂത്ത് ലവൽ ഏജന്റുമാർ(ബിഎൽഎ) പരിശോധന നടത്തിയതാണ്. അന്ന് നീക്കേണ്ടത് നീക്കുകയും ഉൾപ്പെടുത്തേണ്ടത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പുറത്തു വന്നത് അന്തിമ വോട്ടർ പട്ടികയാണ്. അതിൽ ആരും അറിയാത്ത വ്യാജ വോട്ടർമാർ കടന്നുകൂടി. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നും, തൃശൂർ ജില്ലയിൽ തന്നെ തൃശൂർ ലോക്സഭാ മണ്ഡലത്തിന് പുറത്തുള്ളവരെയും അതിന് പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ഇവിടെ വോട്ടുകൾ ചേർത്തു.
ഒന്നര വർഷം തൃശൂരിൽ ക്യാംപ് ചെയ്തു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നേതൃത്വം നൽകിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്നെ സമ്മതിച്ചതാണ്. ആരോപണങ്ങളിൽ അർധസത്യമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നുണ്ട്. വ്യാജമായി ചേർത്തപ്പോൾ മറ്റു പാർട്ടികൾ എവിടെയായിരുന്നു എന്നാണ് ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചോദിക്കുന്നത്. ഇവരുടെ പ്രസ്താവനകൾ വ്യാജ വോട്ട് ചേർക്കുന്നതിന് ബി ജെ പി നേതൃത്വം നൽകി എന്നതിന്റെ കുറ്റസമ്മതമാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിവോടെയാണ് ഈ കൃത്രിമം നടത്തിയതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. അതിനാൽ ഈ വിഷയത്തിൽ നടന്ന ക്രമക്കേടുകൾ ക്രിമിനൽ സ്വഭാവമുള്ളതാണ്. ഈ കേസുകൾ രജിസ്റ്റർ ചെയ്ത് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.
അതേസമയം തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും വിമർശനവുമായി തൃശൂർ ഡി സി സി അധ്യക്ഷൻ ജോസഫ് ടാജറ്റ് നേരത്തെ രംഗത്തുവന്നിരുന്നു. അധാർമ്മികതയുടെ കാര്യമാണ് തൃശൂരിൽ ഉന്നയിച്ചതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. 11 വോട്ടുകൾ ചേർത്തതിൽ അധാർമ്മികതയുണ്ട്. സുരേഷ് ഗോപി മൗനം പാലിച്ചത് തെറ്റ് സമ്മതിക്കുന്നതിന് സമാനമാണ്. അല്ലെങ്കിൽ അയാളുടെ ധാർഷ്ട്യമാണ്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് പോയി തൂങ്ങി ചത്തുകൂടെ എന്നൊക്കെ പറയുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. മൗനം പാലിക്കുന്നതിലൂടെ ബിജെപി, സംഘപരിവാർ ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. ബിജെപിയും സിപിഎമ്മും ജനാധിപത്യത്തെ തെരുവിൽ തള്ളുകയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. പക്ഷേ ഇവിടെ നടക്കുന്നത് മറിച്ചാണ്. ബിജെപിയുടെ കയ്യിലെ കരുവായി സിപിഎം മാറി. കോൺഗ്രസ് ഉയർത്തിയ ഉദ്ദേശ്യലക്ഷങ്ങളിൽ നിന്ന് പിന്മാറില്ല. വോട്ട് ക്രമക്കേടിന്റെ പ്രശ്നം തെരുവിൽ വലിച്ചിഴച്ച് തീർക്കേണ്ടതല്ലെന്നും ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.