കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. മരിച്ചവരിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാരുണ്ട്. ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മരിച്ചവർ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്.
മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ യുവാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് മരിച്ചത്. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 8 നു വീട്ടിലെത്തിക്കും. ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 160 ആയി. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തു വിടുന്നതിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസിയും മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണവും ചികിത്സയിലുള്ള ഭൂരിഭാഗം പേരും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് രാജ്യമെമ്പാടും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. എവിടെയെങ്കിലും വിഷമദ്യ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.