ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) രണ്ട് സ്ലാബുകള്‍ മാത്രമാക്കി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി വിവരം. ഇന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാന മന്ത്രി ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്.
5, 18 എന്നിങ്ങനെ രണ്ട് സ്ലാബുകളിലായി ചരക്ക് സേവന നികുതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ നിലവില്‍ 28 ശതമാനം ജിഎസ്ടിയുള്ള 90 ശതമാനം വസ്തുക്കളും 18 ശതമാനത്തിലേക്ക് വന്നേക്കും. നിലവില്‍ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം വസ്തുക്കളും അഞ്ച് ശതമാനത്തിലേക്ക് വരുമെന്നാണ് വിവരം.
സിഗരറ്റ്, പുകയില തുടങ്ങിയ ലഹരി ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് 40 ശതമാനം നികുതി വരുന്ന പ്രത്യേക സ്ലാബും വന്നേക്കും. 40 ശതമാനം നികുതി വരുന്ന വിഭാഗത്തില്‍ പത്തില്‍ താഴെ ഉത്പ്പന്നങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നാണ് വിവരം. റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉത്പ്പന്നങ്ങളൊന്നും ഇതിലുണ്ടാകില്ല.
അതേസമയം നികുതി ഘടന പരിഷ്‌കരിച്ചാലും പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിക്ക് പുറത്തുതന്നെ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിര്‍ദിഷ്ട ജിഎസ്ടി പരിഷ്‌കരണം ഉപഭോഗത്തിന് വലിയ ഉത്തേജനം നല്‍കുമെന്നും, നിരക്ക് ഏകീകരണം മൂലമുണ്ടാകുന്ന വരുമാന നഷ്ടം ഇത് നികത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.