വാഗമണ്‍: വാഗമണ്ണില്‍ പണംവെച്ച് ചീട്ടുകളിച്ച സംഘത്തിലെ 20 പേര്‍ പിടിയിലായി. കോലാഹലമേട് ഭാഗത്തെ എംപിരിയന്‍ ഹോളിഡേയ്സ് എന്ന ഹോംസ്റ്റേയില്‍ നടന്ന പരിശോധനയിലാണ് വന്‍ ചൂതാട്ടസംഘം കുടുങ്ങിയത്. കളിക്കാനായി ഉപയോഗിച്ച 4,04,320 രൂപയും മറ്റ് ചൂതാട്ട സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ കരോട്ടുപറമ്പില്‍ കെ.ഇ. ഷമീര്‍(41), കല്ലോലിയില്‍ വീട്ടില്‍ അനീഷ് (49), വൈക്കം ലിജി ഭവന്‍ ലിനോ ചെറിയാന്‍ (38), കൊല്ലമ്പറമ്പില്‍ ഷാഹിര്‍ (43), മണ്ണാറത്ത് വീട്ടില്‍ എം.എസ്. ഷെഫീഖ് (37), കരിമണ്ണുംകുന്നേല്‍ ഫൈസല്‍ (42), കരുവാന്‍പറമ്പില്‍ റഷീദ് (40), പള്ളിപ്പറമ്പില്‍ ഷബീര്‍ (39), മുഴുക്കോലില്‍ സിനാജ് (35), വലിയവീട്ടില്‍ വി.പി. മുജീബ് (52), പൊന്നേത്തുപറമ്പില്‍ ഷിഹാബുദ്ദീന്‍ (48), കൊല്ലംപറമ്പില്‍ ഹബീസ് (67), കൂത്താട്ടുകുളം തെക്കുംകാട്ടില്‍ ലാജ് (42), പൂഞ്ഞാര്‍ അറയത്തിനാല്‍ വീട്ടില്‍, മുഹമ്മദ് ഷാന്‍ (33), എരുമേലി തടത്തേല്‍ വീട്ടില്‍ സുബിമോന്‍ (44), എറണാകുളം സ്വദേശികളായ ഇളംകുളം വേരാനിപ്പറമ്പില്‍ സജീവന്‍ (42), വെളിയനാട് കിഴക്കേതുക്കാട്ടില്‍ വര്‍ഗീസ് (60), പിറവം പുത്തന്‍പുരയില്‍ ബിജു (50), പിറവം കനകഞ്ചേരില്‍ എല്‍ദോ (40), ചെറായി അല്ലപ്പറമ്പില്‍ ജീവരാജ് (44) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി 11-ന് ഹോംസ്റ്റേയുടെ രണ്ടാമത്തെ നിലയില്‍ വിനോദത്തിനല്ലാതെ പണംവെച്ച് ചീട്ടു കളിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. 'പന്നിമലത്ത്' എന്ന ഇനത്തില്‍പ്പെട്ട ചീട്ടുകളിയാണ് നടത്തിയത്.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെയും പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാല്‍ ജോണ്‍സന്റെയും നിര്‍ദേശപ്രകാരം വാഗമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ സജി പി.സി., അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുരുകേശന്‍ എം.ജി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അന്‍സാര്‍, പോലീസ് ഓഫീസര്‍മാരായ മഹേന്ദ്രന്‍, കൃതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.