തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പ്രവർത്തനം ഏകീകരിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘മോഡൽ ബൈലോ’ തള്ളിയ കേരളം, സ്വന്തംനിലയിൽ സമാനപദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തിന്റെ മാതൃകാ ബൈലോയുടെ കരട് തയ്യാറാക്കി സഹകരണസംഘം രജിസ്ട്രാർ, ഉദ്യോഗസ്ഥതലശില്പശാലയും നടത്തി. എന്നാൽ, രജിസ്ട്രാറുടെ നടപടി സർക്കാരിന്റെ അറിവോടെയല്ലെന്നാണ് സഹകരണവകുപ്പിന്റെ നിലപാട്.
രാജ്യത്തെ എല്ലാ കാർഷിക വായ്പാ സഹകരണസംഘങ്ങൾക്കും ഏകീകൃത ബൈലോ കൊണ്ടുവരാനാണ് കേന്ദ്ര സഹകരണ മന്ത്രാലയം തീരുമാനിച്ചത്. കേരളത്തിൽ ഈ സംഘങ്ങൾ പ്രാഥമിക സഹകരണ ബാങ്കുകളായാണ് പ്രവർത്തിക്കുന്നത്. മോഡൽ ബൈലോ നടപ്പാക്കിയാൽ സഹകരണസംഘങ്ങളുടെ പ്രാദേശികസ്വഭാവവും സ്വയംഭരണ അവകാശവും ഇല്ലാതാക്കുമെന്ന വാദമുയർത്തിയായിരുന്നു കേരളത്തിന്റെ എതിർപ്പ്. കേന്ദ്ര ബൈലോ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കാർഷികവായ്പാ സംഘങ്ങളിൽ 45 ശതമാനവും നഷ്ടത്തിലാണെന്നാണ് കേന്ദ്രവിലയിരുത്തൽ. ഇവയെ ലാഭത്തിലേക്ക് എത്തിക്കുന്നതിന് പ്രവർത്തനം വിപുലപ്പെടുത്തണം. സർക്കാർ പദ്ധതികൾ ഏറ്റെടുക്കാൻ പാകത്തിൽ സഹകരണസംഘങ്ങളെ മാറ്റിയെടുക്കുകയാണ് മോഡൽ ബൈലോയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം വിശദീകരിച്ചത്. ബൈലോ അംഗീകരിച്ച സഹകരണ സംഘങ്ങൾക്ക് അനുവദിക്കാൻ 26,000 കോടിരൂപ കേന്ദ്രസർക്കാർ നീക്കിവെച്ചിരുന്നെങ്കിലും കേരളത്തിന് കാര്യമായ വിഹിതമൊന്നും കിട്ടിയില്ല.
സമാനമായരീതിയിൽ, കാർഷികവായ്പാ സംഘങ്ങൾക്കുള്ള ഏകീകൃത സോഫ്റ്റ്‌വേർപദ്ധതി അംഗീകരിക്കാത്തതുവഴി കോടിക്കണക്കിനുരൂപ കേരളത്തിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മോഡൽ ബൈലോക്ക് സമാനമായ മാതൃക കേരളം സ്വന്തം പദ്ധതി എന്നരീതിയിൽ പുതുക്കി അവതരിപ്പിക്കുന്നത് എന്നതാണ് വൈരുധ്യം.