കസവുകരയുള്ള മേല്‍മുണ്ടും നെറ്റിയില്‍ കുങ്കുമക്കുറിയുമായി സെവാഗ് പാലക്കാട്


പാലക്കാട്: വയലറ്റ് കരയുള്ള ഡബിള്‍ മുണ്ടുടുത്ത്, കസവുകരയുള്ള മേല്‍മുണ്ടും നെറ്റിയില്‍ കുങ്കുമക്കുറിയുമായി നിന്ന ആറടിയോളം ഉയരമുള്ള ആ മനുഷ്യനെ അധികമാര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലായില്ല. ഒരു വ്യാഴവട്ടം മുന്‍പുവരെ എതിര്‍ടീമിലെ ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്ന, അവരുടെ പന്തുകളെ നിഷ്‌കരുണം അതിര്‍ത്തിവര കടത്തിയിരുന്ന ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗായിരുന്നു അത്.

പാലക്കാട് കാവില്‍പ്പാട് പുളിക്കല്‍ വിശ്വനാഗയക്ഷിക്കാവില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു സെവാഗ്. കഴിഞ്ഞദിവസം കോയമ്പത്തൂര്‍ ഈഷ യോഗ സെന്ററില്‍ ഗ്രാമോത്സവം പരിപാടിക്കെത്തിയ സെവാഗ് അവിടെനിന്നാണ് തിങ്കളാഴ്ച രാവിലെ 11.30-ഓടെ പാലക്കാട്ടെത്തിയത്.
2005-ല്‍ പാകിസ്താനും 2006-ല്‍ ഇംഗ്ലണ്ടിനും എതിരേയുമുള്ള ഏകദിന മത്സരങ്ങള്‍ക്കായി കൊച്ചിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് സെവാഗ് പാലക്കാട്ടെത്തുന്നത്. മത്സരങ്ങള്‍ക്കുവേണ്ടിയല്ലാതെ കേരളത്തില്‍ വന്നിട്ടില്ലെന്നും ഇവിടത്തെ കാഴ്ചകള്‍ അതിമനോഹരമാണെന്നും ഇതൊരു നല്ല അനുഭവമാണെന്നും സെവാഗ് 'മാതൃഭൂമി'യോടു പറഞ്ഞു.
ക്രിക്കറ്റിനെക്കുറിച്ചോ കഴിഞ്ഞദിവസം മെല്‍ബണില്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയെക്കുറിച്ചോ സംസാരിക്കാന്‍ സെവാഗ് തയ്യാറായില്ല. അടുത്തുവന്നവരെയെല്ലാം കൈകൂപ്പി വണങ്ങി. എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് നിന്നു. ചോദ്യങ്ങള്‍ക്കെല്ലാം ചുരുക്കം വാക്കുകളില്‍ മറുപടി നല്‍കി.
കാവില്‍ പ്രദക്ഷിണം നടത്തിയ സെവാഗ്, മാനവേന്ദ്രവര്‍മ യോഗാതിരിപ്പാടില്‍നിന്ന് പ്രസാദം ഏറ്റുവാങ്ങി. സെവാഗിനുവേണ്ടി കാവില്‍ പ്രത്യേക അലങ്കാരപൂജ നടന്നു. പാലടപ്പായസം സഹിതം സദ്യയുണ്ട് വൈകീട്ട് നാലുമണിയോടെ സെവാഗ് കോയമ്പത്തൂരിലേക്കു തിരിച്ചുപോയി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال