കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ആൻ്റണി എം വട്ടോളിയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അളഗപ്പനഗർ പഞ്ചായത്തിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. ശെൽവരാജ് എന്ന കരാറുകാരനാണ് പരാതിക്കാരൻ. കാന നിർമ്മാണത്തിൻ്റെ ബിൽ തുകയായ മൂന്നേകാൽ ലക്ഷം രൂപയുടെ രണ്ട് ശതമാനമാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
സംഭവം കരാറുകാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു.വിജിലൻസ് ഫിനോഫ്തലിൻ പൗഡർ പുരട്ടി നൽകിയ നോട്ടുമായെത്തിയ കരാറുകാരൻ ഓഫീസിന് പുറത്തുവെച്ചാണ് ആൻ്റണിക്ക് കൈമാറിയത്.പുറത്തേക്കിറങ്ങിയ ആൻ്റണിയെ വിജിലൻസ് ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിൽ നിന്ന് അരലക്ഷം രൂപയും വിജിലൻസ് കണ്ടെടുത്തു.കിഫ്ബി കരാറുകാരനിൽ നിന്നാണ് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് ഇയാൾ വിജിലൻസിനോട് സമ്മതിച്ചു.പ്രതിയെ അറസ്റ്റ് ചെയ്തു.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.