കൊച്ചി : കാക്കനാട് ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ചയത്തിൽ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ഫലം ലഭിച്ച മൂന്ന് സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഫ്‌ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമെസ്റ്റിക്ക് ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറികളിൽ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയിൽ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇവയിൽ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിൽ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്.
വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ്യമാകാനുണ്ട്.റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതൽ ആരോഗ്യ വകുപ്പ് വിവിധ ഫ്‌ലാറ്റുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകൾ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തുന്നതായും മന്ത്രി വ്യക്തമാക്കി.
വയറിളക്ക രോഗബാധയെ തുടർന്ന് മെഡിക്കൽ ഓഫീസർ ഫ്‌ലാറ്റ് അസോസിയേഷന് നോട്ടീസ് നൽകി.4095 നിവാസികളാണ് 15 ടവറുകളിലായി ഫ്ളാറ്റിൽ താമസിക്കുന്നത്. നിലവിൽ പകർച്ചവ്യാധിയ്ക്കിടയാക്കിയ കുടിവെള്ള വിതരണം പൂർണമായും ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡി.എൽ.എഫ്. ഫ്‌ളാറ്റിൽ വയറിളക്ക രോഗബാധയെ തുടർന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കൽ ഓഫീസർ ഫ്‌ളാറ്റ് അസോസിയേഷന് നോട്ടീസ് നൽകി.
4095 നിവാസികളാണ് 15 ടവറുകളിലായി ഫ്‌ലാറ്റിൽ താമസിക്കുന്നത്. നിലവിൽ പകർച്ചവ്യാധിയ്ക്കിടയാക്കിയ കുടിവെള്ള വിതരണം പൂർണമായും ഒഴിവാക്കിക്കൊണ്ട് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ശാസ്ത്രീയവും ആരോഗ്യകരവുമായ ശുദ്ധജല സംവിധാനം അടിയന്തിരമായി ഏർപ്പെടുത്തുന്നതിനും കൃത്യമായ കാലയളവിൽ സൂപ്പർ ക്ലോറിനേഷൻ, അംഗീകൃത സർക്കാർ ലാബിൽ നിന്നുമുള്ള പരിശോധനകൾ എന്നിവ നടത്തി രേഖകൾ സൂക്ഷിക്കുവാനും പരിശോധനാധികാരികൾ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതിനും നോട്ടിസിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫ്‌ലാറ്റുകളിൽ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസുകളും ക്ലോറിനേഷൻ നടത്തി ശുദ്ധത ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ്‌ളാറ്റിൽ നിന്നുമുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങൾ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നോട്ടീസ് മുഖേന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ 492 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായതായി സർവ്വേ വഴി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ച് പ്രത്യേക സർവ്വേയും ഇന്ന് നടക്കുകയുണ്ടായി.
