കുന്നംകുളം: സ്വന്തം അഴിമതിയും ഗുരുതരമായ നിയമലംഘനങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കുന്നംകുളം പോലീസിന്റെ അഴിഞ്ഞാട്ടവും ധാർഷ്ട്യവും. ഗുഡ്സ് പിക്കപ്പ് വാഹനത്തിന്റെ പുറകിൽ അപകടകരമായി യാത്ര ചെയ്ത പോലീസുകാരുടെ ദൃശ്യങ്ങൾ സഹിതം വാർത്ത നൽകിയ 'വോയ്‌സ് ഓഫ് കുന്നംകുളത്തിനെതിരെ' കേസ്സെടുത്താണ് പോലീസ് പ്രതികാരബുദ്ധി കാണിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പോലീസ് സേന, മാധ്യമങ്ങളുടെ വായടപ്പിക്കാനും സത്യം മൂടിവെക്കാനും അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.
പോലീസിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു എന്ന് ആരോപിച്ചാണ് മാധ്യമത്തിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ പോലീസുകാർ തന്നെ സ്വന്തം അഭിമാനം കളഞ്ഞുകുളിച്ച സംഭവത്തിലെ വസ്തുതകൾ ഇവയാണ്
എം.വി.ഡി വെബ്‌സൈറ്റിലെ കള്ളത്തരം: വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്ന് വാർത്ത കൊടുത്തതാണ് പോലീസിനെ ചൊടിപ്പിച്ചത്. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ (MVD) ഔദ്യോഗിക പോർട്ടലിൽ ഇപ്പോഴും ഈ വാഹനത്തിന് ഫിറ്റ്നസോ പൊലൂഷൻ സർട്ടിഫിക്കറ്റോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. നിയമം നടപ്പിലാക്കേണ്ടവർ തന്നെ ഫിറ്റ്നസില്ലാത്ത വാഹനം നിരത്തിലിറക്കി നിയമത്തെ വെല്ലുവിളിക്കുകയായിരുന്നു.
പിക്കപ്പിലെ നിയമവിരുദ്ധ 'പാണ്ടിപ്പട യാത്ര':
ഗുഡ്സ് വാഹനത്തിന്റെ ലോഡ് ബോഡിയിൽ ആളുകളെ കയറ്റി യാത്ര ചെയ്യുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. സാധാരണക്കാരനാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ വാഹനം കസ്റ്റഡിയിലെടുത്ത് വൻ തുക പിഴ ചുമത്തുന്ന പോലീസ്, രണ്ട് എസ്.ഐമാർ അടക്കം പിക്കപ്പിൽ നിന്ന് യാത്ര ചെയ്തതിനെ ന്യായീകരിക്കാൻ നെട്ടോട്ടമോടുന്ന
കാഴ്ചയാണ് കുന്നംകുളത്ത് കാണുന്നത്.
അർദ്ധരാത്രിയിൽ സ്റ്റേഷനിലെ മാലിന്യം നീക്കം ചെയ്യാനാണ് വാഹനം വാടകയ്‌ക്കെടുത്തതെന്നാണ് പോലീസ് നൽകുന്ന വിവരകാശ മറുപടി. പോലീസിന്റെ ഈ പടച്ചുവിട്ട ന്യായീകരണങ്ങൾ കൂടുതൽ ദുരൂഹതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്:
ഡ്രൈവറില്ലാത്ത വാടക പിക്കപ്പോ? കുന്നംകുളത്ത് പിക്കപ്പ് വാടകയ്‌ക്കെടുത്താൽ ഡ്രൈവറും കൂടെ വരും. ഇവിടെ പോലീസ് തന്നെ ഡ്രൈവിംഗ് സീറ്റേറിയത് ഏത് തരം 'റെന്റ് എ പിക്കപ്പ്' വ്യവസ്ഥയിലാണ് എന്ന ചോദ്യമാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്
പോലീസ് സ്റ്റേഷന് തൊട്ടടുത്ത് നഗരസഭാ ഓഫീസുണ്ട്. ഹരിതകർമ്മ സേനയും മാലിന്യ ശേഖരണ വാഹനങ്ങളും പകൽസമയത്ത് വിളിച്ചാൽ മിനിറ്റുകൾക്കകം എത്തുമെന്നിരിക്കെ ശുചിത്വത്തിൽ മുൻപന്തിയിലുള്ള കുന്നംകുളം നഗരസഭയെ അറിയിക്കാതെ അർദ്ധരാത്രിയിൽ ആരും കാണാതെ പോലീസുകാർ മാലിന്യവുമായി പാഞ്ഞത് ദുരൂഹത വർദ്ധിപ്പിക്കുന്നു . നിരവധി സന്ദർശകരെത്തുന്ന ചാട്ടുകുളം മേഖലയിലേക്ക് അർദ്ധരാത്രിയിൽ പോലീസുകാർ കൊണ്ടുപോയി തള്ളിയത് എന്ത് തരം മാലിന്യമാണ്? അത് എവിടെയാണ് നിക്ഷേപിച്ചത്?
സി.സി.ടി.വി ദൃശ്യങ്ങൾ മറച്ചുവെക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ത് തുടങ്ങിയവക്ക് പൊലീസിന് കൃത്യമായ മറുപടിയില്ല അർദ്ധരാത്രിയിലെ ഈ ദുരൂഹ യാത്രയുടെയും മാലിന്യനീക്കത്തിന്റെയും സത്യാവസ്ഥ അറിയാൻ അന്ന് രാത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോദിച്ച പൊതുപ്രവർത്തകർക്ക് മുന്നിൽ പലതരം ഒഴികഴിവുകൾ പറഞ്ഞ് ഒളിച്ചുകളിക്കുകയാണ് പോലീസ്.
സത്യം തുറന്നുപറയുന്ന മാധ്യമങ്ങളുടെ തൊണ്ടക്കുഴിക്ക് പിടിച്ചാൽ അഴിമതിയും നിയമലംഘനങ്ങളും മറച്ചുവെക്കാമെന്നത് കുന്നംകുളം പോലീസിന്റെ വ്യാമോഹം മാത്രമാണ്. ക്രിമിനൽ കുറ്റത്തിന് തുല്യമായ രീതിയിൽ വാഹനത്തിൽ യാത്ര ചെയ്യുകയും, പൊതുസ്ഥലത്ത് മാലിന്യം തള്ളുകയും ചെയ്ത പോലീസുകാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മാധ്യമങ്ങളെ വേട്ടയാടാൻ ഇറങ്ങിത്തിരിച്ച പോലീസിന്റെ ഈ ധാർഷ്ട്യത്തിനെതിരെ ശക്തമായ പൊതുജനപ്രതിഷേധമാണ് ഉയർന്നുവരുന്നത്.
Tags
Thrissur News