തിരൂർ: മലപ്പുറം തിരൂരിനടുത്ത് വൈലത്തൂർ ചിലവിൽ ഓട്ടമാറ്റിക് ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൾ ഗഫൂറിന്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. തിരൂർ ആലിൻ ചുവട് എംഇടി സെൻട്രൽ സ്‌കൂൾ വിദ്യാർഥിയാണ് സിനാൻ.
വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. പള്ളിയിൽ നിസ്‌കാരത്തിനായി പോകുമ്പോൾ അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടക്കുമ്പോൾ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്ന വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
