തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽ വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ് നല്‍കിയത്. വി ഇ അബ്ദുൾ ഗഫൂറാണ് ഫിഷറിസ് മന്ത്രി. ലീഗ് കോൺഗ്രസിന് കൈമാറിയ ഉന്നതവിദ്യാഭ്യാസവകുപ്പ് റോജി എം ജോണിനാണ്. എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. റവന്യൂ വകുപ്പ് എപി അനിൽകുമാറിനും വൈദ്യുതി സണ്ണി ജോസഫിനുമാണ്.
മുഖ്യമന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്തമാണ്, 39 വകുപ്പുകൾ. സാധാരണ മുഖ്യമന്ത്രിമാർ വഹിക്കുന്ന വകുപ്പുകൾക്ക് പുറമെ കനപ്പെട്ട ധനവും നിയമവും തുറമുഖവും പിആർഡിയും മുഖ്യമന്ത്രിക്കാണ്. രമേശ് ചെന്നിത്തലക്ക് നേരത്തെ പറഞ്ഞത് പോലെ ആഭ്യന്തരവും വിജിലൻസും. സണ്ണി ജോസഫിനും എപി അനിൽകുമാറിനും നേരത്തെ നിശ്ചയിച്ച വകുപ്പിൽ മാറ്റമുണ്ട്. അതിനിടെ, കെ അനിൽ കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ അനിൽ കുമാര്‍.