5 വർഷത്തിൽ തിരിച്ചടവിന് വേണ്ടത് 16600 കോടി



പിണറായി സര്‍ക്കാരിന്‍റെ ധനമാനേജ്മെന്‍റിനെക്കുറിച്ചുളള യു ഡി എഫ് വിമര്‍ശനങ്ങളിലെ കേന്ദ്ര ബിന്ദുവായിരുന്നു കിഫ്ബി. ബജറ്റിനു പുറത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കെന്ന പേരില്‍ നായനാര്‍ സര്‍ക്കാര്‍ തുടങ്ങുകയും പിണറായി സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയും ചെയ്ത കിഫ്ബി പോകെപ്പോകെ സര്‍ക്കാര്‍ പദ്ധതികളുടെ പ്രധാന നടത്തിപ്പുകാരായി മാറുന്നതായിരുന്നു കാഴ്ച. റോഡുകള്‍, പാലങ്ങള്‍, ദേശീയ പാത വികസനം തുടങ്ങി തുരങ്കപാത വരെ നീളുന്ന കണഞ്ചിപ്പിക്കുന്ന വികസന പദ്ധതികളുടെ നീണ്ട നിര തന്നെ കിഫ്ബിക്ക് കീഴില്‍ യാഥാര്‍ത്ഥ്യമായപ്പോഴും കേരളത്തെ കടക്കെണിയിലേക്ക് തളളിവിടുന്ന വെളളാനയാണ് കിഫ്ബിയുടേതെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന സതീശന്‍റെ പ്രധാന വിമര്‍ശനം. കിഫ്ബി പദ്ധതികള്‍ക്കായി എടുത്ത വായ്പകളുടെ തിരിച്ചടവാണ് പുതിയ സര്‍ക്കാരിനു മുന്നിലുളള പ്രധാന വെല്ലുവിളികളിലൊന്ന്. 2026 മുതല്‍ 31 വരെയുളള അഞ്ച് വര്‍ഷക്കാലം 16600 കോടിയോളം രൂപ കിഫ്ബി വായ്പകളുടെ തിരിച്ചടവിനായി സര്‍ക്കാര്‍ ചെലവിടേണ്ടി വരുമെന്നാണ് കണക്ക്. വര്‍ഷം ശരാശരി 3300 കോടിയോളം രൂപയുടെ ബാധ്യത. മോട്ടോര്‍ വാഹന നികുതിയും ഇന്ധന സെസുമായിരുന്നു പ്രധാന വരുമാന സ്രോതസുകളെങ്കിലും സമീപകാലത്തായി ഈ വരുമാനത്തിലും ഇടിവുണ്ടായി. ഇതോടൊപ്പമാണ് തുടങ്ങിവച്ച പദ്ധതികളുടെ ഭാവി എന്താകുമെന്ന ചോദ്യം.

ഇക്കഴിഞ്ഞ സാന്പത്തിക വര്‍ഷം വരെയുളള കണക്കുകള്‍ വച്ച് വിവിധ മേഖലകളിലായി 1156 പദ്ധതികളിലായി 88070 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് കിഫ്ബി ബോര്‍ഡ് ഇതുവരെ അംഗീകാരം നല്‍കിയത്. ഇതില്‍ 21881 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 367 പദ്ധതികളിലായി 24014 പദ്ധതികള്‍ നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്. തുരങ്കപാത ഉള്‍പ്പെടെ തുടങ്ങിവച്ച വന്‍കിട പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് ഭരണമാറ്റം തടസമാകില്ലെന്ന പ്രതീക്ഷയിലാണ് അധികാരം ഒഴിഞ്ഞവര്‍. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഇതേ ശമ്പള സ്കെയിലില്‍ കിഫ്ബി സി ഇ ഒയുടെ കസേരയിലെത്തിയ കെ എം എബ്രഹാം എട്ടു വര്‍ഷമായിരുന്നു ഇതേ തസ്തികയില്‍ പരമാധികാരിയായി തുടര്‍ന്നത്. തെരഞ്ഞെടുപ്പില്‍ എൽ ഡി എഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു പടിയിറക്കം. ഇതുള്‍പ്പെടെ കിഫ്ബിയില്‍ നടത്തിയ പല നിയമനങ്ങളും വഴിവിട്ടതാണെന്ന വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഒടുവില്‍ പിണറായി സര്‍ക്കാരിന്‍റെ തുടര്‍ച്ചയ്ക്കായി കിഫ്ബി അക്കൗണ്ടില്‍ നിന്ന് കോടികള്‍ ചെലവിട്ട് പ്രചാരണം നടത്തിയെന്ന വിമര്‍ശവും പൊതുമധ്യത്തിലുണ്ട്. കിഫ്ബിയുടെ ഭാവിയുടെ കാര്യത്തിൽ പുതിയ മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും നിലപാട് എന്താണെന്നത് കണ്ടറിയണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال