ഇന്ന് ദുഃഖവെള്ളി


യേശു ക്രിസ്തുവിന്റെ ത്യാഗത്തെ അനുസ്മരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിസ്ത്യാനികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മാനവനന്മയ്ക്കായി കുരിശിലേറിയ യേശുവിന്റെ ത്യാഗത്തിന്റെ ഓർമ്മകൾ പുതുക്കുകയാണ് വിശ്വാസി സമൂഹം. ദുഃഖ വെള്ളിയോട് അനുബന്ധിച്ച് തിരുവനന്തപുരം പാളയം പള്ളിയിൽ നടക്കുന്ന സംയുക്ത കുരിശിൻ്റെ വഴിയിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ്, ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ എന്നിവർ പങ്കെടുത്തു.

മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വലിയ വെള്ളിയുടെ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 7.30 ന് ശുശൂഷകൾ ആരംഭിക്കും. 9 മണിയോടെ ആദ്യ പ്രദക്ഷിണം നടക്കും. ഉച്ചയ്ക്ക് രണ്ടാം പ്രദക്ഷിണവും സ്ലീബാ വന്ദനവും കബറടക്ക ശുശ്രൂഷയും നടക്കും. എഴുകുംവയൽ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ഇടുക്കി രുപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നു. എറണാകുളത്ത് വിവിധ പള്ളികളിൽ പ്രാർത്ഥനകളും ശുശ്രൂഷകളും ആരംഭിച്ചു. കാക്കനാട് സെൻ്റ് മൌണ്ടില്‍ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കുന്നു.

എന്നാൽ മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തെത്തുടർന്നുണ്ടായ സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് ദുബായിൽ ചടങ്ങുകൾക്ക് വ്യക്തമായ നിയന്ത്രണം ഏർപ്പെടുത്തി. ദുബായ് ഗവണ്മെന്റിൽ നിന്നുള്ള കർശന നിർദ്ദേശം അനുസരിച്ചു , ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിലും , ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ദേവാലയത്തിലും ദുഃഖ വെള്ളിയാഴ്ച ശുശ്രുഷകൾ ഉൾപ്പടെ തുടർന്നുള്ള എല്ലാ ശുശ്രുഷകളും രു അറിയിപ്പ് ഉണ്ടാകുന്നത് ഓൺലൈൻ ആയി മാത്രം നടത്തപ്പെടുകയുള്ളു. ദേവാലയത്തിലേക്ക് വിശ്വാസികൾക്ക് പ്രവേശനം ഉണ്ടാവുകയില്ല പകരം ദേവാലയത്തിലെ ശുശ്രൂഷകൾ ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെടും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال