വാടകവീടിന്റെ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


ചെങ്ങന്നൂര്‍ : വാടകവീടിന്റെ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതിൽ നന്തു എസ് കുമാർ (26) ആണ് പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ഭാഗത്തുള്ള 'ശ്രീ സദനം' എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു നന്തു. ഇയാൾ സ്വന്തം ഉപയോഗത്തിനും വിൽപ്പനക്കുമായി വീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായി വെൺമണി സബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

പറമ്പിൽ നട്ടുപിടിപ്പിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിച്ച് പരിപാലിച്ചുകൊണ്ടിരുന്ന സമയത്താണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർ രതീഷ് ബാബു, സബ് ഇൻസ്പെക്ടർ പുഷ്പശോഭനൻ എന്നിവരും എഎസ്ഐ സതീഷ് കുമാർ, സിപിഒമാരായ ഷിഹാബ് സലാം, സനൽ കുമാർ, വിജേഷ് വി എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال