കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്ന സാഹചര്യത്തിലും ബദല്‍ മാര്‍ഗം ഒരുക്കാന്‍ കഴിയാത്തതിനാലുമാണ് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നത്.
പ്രതിസന്ധി രൂക്ഷമായിട്ടും എത്രദിവസം വിതരണം മുടങ്ങുമെന്നോ, മുടങ്ങിയാല്‍ പകരം പോംവഴി എന്താണെന്ന് തുടങ്ങി യാതൊരു ഔദ്യോഗിക നിര്‍ദേശവും ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. ബേക്കറികളുടെ പ്രവര്‍ത്തനവും താളം തെറ്റിയ നിലയിലാണ്.
സമയം കുറച്ചു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും അവതാളത്തില്‍
നഗരങ്ങളിലെ പകുതിയോളം ഭക്ഷണശാലകളിലും വിറക് അടുപ്പില്ല. ഗ്യാസിലാണ് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വലിയ ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ ഭക്ഷണശാലകളില്‍ മാത്രമാണ് പ്രായോഗികമാകുന്നത്. അതിനിടെ നഗരത്തിലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തനം സമയം കുറച്ചു.
കൂടുതല്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവില്‍ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കേറ്ററിംഗ് സ്ഥാപനങ്ങൾ നിലവിലുള്ള കരാറുകള്‍ക്ക് പുറമേയുള്ളവ ഒഴിവാക്കി തുടങ്ങി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും പ്രതിസന്ധിയിലായേതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളും ആശങ്കയലാണ്.
വില വര്‍ധിച്ചേക്കും
പ്രതിസന്ധികള്‍ക്കിടെ വരുംദിവസങ്ങളില്‍ വിഭവങ്ങളുടെ വിലയും വര്‍ധിച്ചേക്കാമെന്ന മുന്നറിയിപ്പുമുണ്ട്. ഹോട്ടല്‍ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പച്ചക്കറി, മാംസ വ്യാപാര രംഗത്തേക്കും പടരും. ചെറുകിട ബേക്കറികളുംഅടച്ചുപൂട്ടേണ്ടി വരുമെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരള ഭാരവാഹികള്‍ പറഞ്ഞു. പാചകവാതകക്ഷാമംമൂലം ഇവര്‍ ഉല്‍പ്പാദനം കുറച്ചു. ചില സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു.
വില കൂട്ടി കരിഞ്ചന്തയില്‍ വില്‍പ്പന
ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും കരിഞ്ചന്തയില്‍ സുലഭമാണ്. ഇരട്ടിയോളം വില നല്‍കേണ്ടിവരുന്നതായി അതിഥിത്തൊഴിലാളികള്‍ പറയുന്നു. ഇവര്‍ ഉപയോഗിക്കുന്ന ചെറിയ സിലിണ്ടറുകള്‍ (5 കിലോ) ലഭിക്കാത്തതിനാലാണ് കരിഞ്ചന്തയില്‍നിന്ന് വാങ്ങേണ്ടിവരുന്നത്.