തൊടുപുഴ: മുതലക്കോടത്തുണ്ടായ അപകടത്തില്‍ മരിച്ച കുന്നേല്‍ ജയിസ് ബെന്നിക്ക് നാട് കണ്ണീരോടെ വിടനല്‍കി. മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. വിദേശത്ത് ജോലിക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ജെയിസിനെ അകാലത്തില്‍ വിധി കവര്‍ന്നെടുത്തത്.
മാതാപിതാക്കളായ ബെന്നിയും ബിന്ദുവും ഏറെ പ്രതീക്ഷകളോടെയാണ് മകനെ നേരത്തേ വിദേശത്തയച്ചത്. തിരികെയെത്തി വീണ്ടും മടങ്ങാനിരിക്കെയാണ് വീട്ടുകാരെ കണ്ണീരിലാഴ്ത്തി മരണ വാര്‍ത്തയെത്തിയത്. മുതലക്കോടം ഫൊറോന പള്ളിയില്‍നിന്നു നിര്‍മിച്ചുകൊടുത്ത വീട്ടിലാണ് കുടുംബം കഴിയുന്നത്. ബെന്നിയുടെ പിതാവ് പള്ളിയിലെ ജീവനക്കാരനായിരുന്നു.
ഇന്നലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പി.ജെ.ജോസഫ് എംഎല്‍എയും ജന പ്രതിനികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.