സ്വരാജ് ട്രോഫി തിളക്കത്തിൽ കുന്നംകുളം നഗരസഭ

 

സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികവിനായി കേരള സർക്കാർ നൽകുന്ന 2025-26 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കുന്നംകുളം നഗരസഭ. വെറുമൊരു പുരസ്കാര നേട്ടത്തിനപ്പുറം സാധാരണക്കാരുടെ ജീവിതനിലവാരത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞു എന്നതാണ് ഈ വിജയത്തിന്റെ യഥാർത്ഥ തിളക്കം. 



കുറുക്കൻപാറയിലെ ഏഴ് പതിറ്റാണ്ട് പഴക്കമുള്ള മാലിന്യമലയെ ശാസ്ത്രീയമായ ബയോ മൈനിങ്ങിലൂടെ തുടച്ചുനീക്കിയ നഗരസഭയുടെ നടപടി പരിസ്ഥിതി സംരക്ഷണ രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പാണ്. 1946 മുതൽ കുന്നുകൂടിയ ആയിരക്കണക്കിന് ടൺ മാലിന്യങ്ങൾ നീക്കം ചെയ്തതിനൊപ്പം, കക്കൂസ് മാലിന്യ സംസ്കരണത്തിനായി മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കിയതും ഹരിതകർമ്മ സേനയുടെ പ്രവർത്തനം നൂറ് ശതമാനം വിജയത്തിലെത്തിച്ചതും കുന്നംകുളത്തെ ശുചിത്വ നഗരങ്ങളുടെ മുൻനിരയിലെത്തിച്ചു.


വികസനം എന്നത് കേവലം നിർമ്മാണ പ്രവർത്തനങ്ങളിൽ മാത്രം ഒതുക്കാതെ പാവപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും കണ്ണീരൊപ്പാൻ നഗരസഭ കാണിച്ച കരുതലാണ് സ്വരാജ് ട്രോഫിയിലേക്കുള്ള വഴി എളുപ്പമാക്കിയത്. അതിദരിദ്രരെ കണ്ടെത്തി അവർക്ക് കൈത്താങ്ങാവുകയും, തൊഴിൽമേളകളിലൂടെ യുവതലമുറയ്ക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കുകയും ചെയ്ത നഗരസഭയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്.


 വനിതകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച നഗരസഭ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മുൻഗണന നൽകിക്കൊണ്ട് സാമൂഹിക നീതിയുടെ പുതിയ പാഠങ്ങൾ പകർന്നുനൽകി. പട്ടികജാതി വിഭാഗത്തിനായി സംഘടിപ്പിച്ച പഠന കേന്ദ്രങ്ങളും ബോധവൽക്കരണ ക്ലാസുകളും ആധുനിക കാലത്തെ വിജ്ഞാന വിപ്ലവത്തിന്റെ ഭാഗമായി മാറി.

നികുതി പിരിവ്, ഉൾനാടൻ മത്സ്യബന്ധനം, തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് തുടങ്ങിയ എല്ലാ മേഖലകളിലും ഒരേപോലെ മികവ് പുലർത്താൻ സാധിച്ചു എന്നതാണ് ഈ നഗരസഭയെ വേറിട്ടു നിർത്തുന്നത്.


 ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ടവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുപോലെ കൈകോർത്തതിന്റെ ഫലവുമാണ് കുന്നംകുളത്തിന് ലഭിച്ച ഈ സ്വരാജ് ട്രോഫി നേട്ടം. വരും വർഷങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്  നഗരസഭയിപ്പോൾ. കണ്ണൂരിൽ നടക്കുന്ന തദ്ദേശ ദിനാഘോഷ ചടങ്ങിൽ നഗരസഭ പുരസ്കാരം ഏറ്റുവാങ്ങും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال