സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്കും ആരോഗ്യ-വ്യവസായ മേഖലകളിലെ മുന്നേറ്റത്തിനും കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ടിൽ പ്രശംസ. ഗ്രാമീണ വികസനം, സാമൂഹിക വളർച്ച എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് കേരളത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്. കമ്മ്യൂണിറ്റി മോണിറ്ററായും സേവന ദാതാവായും കുടുംബശ്രീ നെറ്റ്വർക്ക് നിർണ്ണായക പങ്ക് വഹിച്ചു. ഓരോ കുടുംബത്തിനും വ്യക്തിഗതമായ ‘മൈക്രോ പ്ലാനുകൾ’ തയ്യാറാക്കി, അവയുടെ പുരോഗതി ഡിജിറ്റലായി ട്രാക്ക് ചെയ്യുന്ന സംവിധാനം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ വാർഷിക വികസന പദ്ധതികളിൽ ഈ ഇടപെടലുകൾക്ക് മുൻഗണന നൽകിയതും ജനനീ സുരക്ഷാ യോജന പോലുള്ള പദ്ധതികൾ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളെ സഹായിച്ചതും നേട്ടമായി.
ആരോഗ്യരംഗത്ത് വികസിത വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നേട്ടങ്ങളാണ് കേരളം സ്വന്തമാക്കിയത്. ശിശു മരണനിരക്ക് ഒറ്റയക്കത്തിലേക്ക് കുറയ്ക്കാൻ സാധിച്ചത് വലിയ പുരോഗതിയായി സർവേ വിലയിരുത്തുന്നു. നവജാതശിശു-മാതൃ പരിചരണം, മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണം, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലെ പുരോഗതി എന്നിവയിൽ സംസ്ഥാനം മാതൃകാപരമായ മുന്നേറ്റമാണ് നടത്തുന്നത്.
നഗര വികസനത്തിലും വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും കേരളം മികച്ച മാതൃകയാണ്. ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ (BRAP) വഴി ബിസിനസ് രജിസ്ട്രേഷൻ കാര്യക്ഷമമാക്കുകയും ഭൂമി-നികുതി പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തു. പരിസ്ഥിതി അനുമതികൾക്കുള്ള സമയം കുറച്ചതും നടപടിക്രമങ്ങൾ ലളിതമാക്കിയതും വ്യവസായ മേഖലയ്ക്ക് ഉണർവേകി.
സുസ്ഥിര വികസനത്തിന്റെ ഭാഗമായി പുനരുപയോഗ ഊർജ്ജം വികസിപ്പിക്കുന്നതിലും കാർബൺ ന്യൂട്രൽ ഗ്രാമപഞ്ചായത്തുകൾ, ജലാശയ പുനരുജ്ജീവനം എന്നിവ നടപ്പിലാക്കുന്നതിലും കേരളം കൈവരിച്ച വേഗതയെ റിപ്പോർട്ട് അഭിനന്ദിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദപരമായ വ്യവസായ നയങ്ങൾ നടപ്പിലാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
Tags
Kerala Top news