അഞ്ചല്‍ : സഹപ്രവര്‍ത്തകന്റെ കല്ല്യാണം കൂടാന്‍ ആശുപത്രി പൂട്ടി കൂട്ടമായി പോയി ജീവനക്കാര്‍. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ,സിപിഐ പ്രവര്‍ത്തകര്‍ ജീവനക്കാര്‍ പൂട്ടിയ ഗേറ്റില്‍ കൊടികള്‍ സ്ഥാപിച്ചു പ്രതിഷേധിച്ചു. അഞ്ചല്‍ ഇഎസ്ഐ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വിചിത്രവും നാടകീയവുമായ കാര്യങ്ങള്‍ നടന്നത്.
കൊല്ലത്ത് നടന്ന സഹപ്രവര്‍ത്തകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ രാവിലെ ആശുപത്രിയില്‍ എത്തിയ നഴ്സുമാര്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷം ആശുപത്രിയും പൂട്ടി കൊല്ലത്തേക്ക് പുറപ്പെട്ടു. ഇതറിയാതെ തോട്ടം മേഖലയില്‍ നിന്നും ഉള്‍പ്പടെയുള്ള തൊഴിലാളികളടക്കം നിരവധിപേര്‍ ആശുപത്രിയിലെത്തി. ചികിത്സയോ മരുന്നോ ലഭിക്കാതായതോടെ ഇവര്‍ നിരാശരായി മടങ്ങി.
സംഭവമറിഞ്ഞ് സിപിഐ എഐവൈഎഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ആശുപത്രി പൂട്ടിയിട്ടിരിക്കുന്നതിന്റെ കാര്യം തിരക്കിയതോടെയാണ് കല്ല്യാണ വിശേഷം അറിയുന്നത്. ഇതോടെ ഉന്നതരെ ബന്ധപ്പെടുകയായിരുന്നു.
എന്നാല്‍ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും നിര്ത്തിവച്ചുകൊണ്ടോ പൂട്ടിയിട്ടുകൊണ്ടോ കല്ല്യാണം കൂടാന്‍ പോകുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാര്‍ ജില്ലാ കളക്ടര്‍, എംപി, എംഎല്‍എ എന്നിവരെ വിവരം അറിയിച്ചു.
എംപി, എംഎല്‍എ എന്നിവര്‍ ഇടപെട്ടതോടെ ജില്ലാ കളക്ടര്‍ നേരിട്ട് അന്വേഷണത്തിനായ് പുനലൂര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശ്രീകുമാറിനെ ചുമതലപ്പെടുത്തി. സ്ഥലത്തെത്തിയ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷം കല്ല്യാണത്തിനുപോയ ജീവനക്കാരുടെ വിവരങള് ശേഖരിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ആശുപത്രിയുടെ ചാര്‍ജ് വഹിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി ഹാജര്‍ രേഖപ്പെടുത്തി കല്ല്യാണം കൂടാന്‍ ആശുപത്രി പൂട്ടിപ്പോയ മുഴുവന്‍ ജീവനക്കാരുടെയും ഹാജര്‍ റദ്ദ് ചെയ്തു അവധിയാക്കുകയും വകുപ്പ് തല നടപടിക്കു ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആശുപത്രി പൂട്ടി പോയ മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകണം എന്നു സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലാത്തപക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് പോകാനും പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.