ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. തൂങ്ങിയ നിലയിലായിരുന്നു രഞ്ജിനിയുടെ മൃതദേഹം. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി.
രഞ്ജിനിയുടെ ഭർത്താവ് ഷാലറ്റ് ജോലികഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. അവശനിലയിൽ കണ്ടെത്തിയ ആദിത്യനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാൻ പോകുന്നതായി രഞ്ജിനി ഭർത്താവ് ഷാലറ്റിനെ വിളിച്ച് അറിയിച്ചിരുന്നു എന്നാണ് വിവരം. ശാസ്ത്രീയ പരിശോധനയുൾപ്പെടെ പൂർത്തിയായാലെ മരണകാരണം കണ്ടെത്താനാവൂ എന്ന് പൊലീസ് അറിയിച്ചു