കളങ്കാവലിന്‍റെ റിലീസ് തീയതി മാറ്റി


മമ്മൂട്ടി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കളങ്കാവലിന്‍റെ റിലീസ് തീയതി മാറ്റി. നവംബര്‍ 27 ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഇത്. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ഏഴാമത്തെ ചിത്രമാണ്.

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് നേരത്തെ പുറത്തെത്തിയ ട്രെയ്‌ലർ അടക്കം നൽകിയത്. മമ്മൂട്ടിയുടെ മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള വേഷ പകർച്ചയും അഭിനയ വിസ്മയവുമായിരിക്കും ചിത്രത്തിലൂടെ കാണാൻ സാധിക്കുക. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ സൂചിപ്പിച്ചിരുന്നു. ഒറ്റ ഷോട്ടിൽ മാത്രം മമ്മൂട്ടിയെ അവതരിപ്പിച്ചു കൊണ്ട്, മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകരിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന രീതിയിലാണ് ഈ ട്രെയ്‌ലർ അവതരിപ്പിച്ചത്. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസൽ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയ്‌ലർ സൂചന നൽകിയിരുന്നു.

ചിത്രത്തിലെ നിലാ കായും എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال