കാസർകോട് നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് മത്തി ചാകര



കാസര്‍കോട്: കാസർകോട് നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് മത്തി ചാകര. ഇന്ന് രാവിലെ 6:30 മുതൽ എട്ട് വരെയാണ് ചാകര ഉണ്ടായത്. ബക്കറ്റും കവറുകളുമായും വന്ന് ആളുകൾ മത്തി വാരിയെടുക്കുകയായിരുന്നു. അതേസമയം, കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) പുതിയ പഠനം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗമായ മത്തിയുടെ ലഭ്യതയിൽ സമീപകാലങ്ങളിൽ വലിയ വ്യതിയാനമാണുണ്ടായത്. 2012ൽ സംസ്ഥാനത്ത് നാല് ലക്ഷം ടൺ എന്ന റെക്കോർഡ് അളവിൽ ലഭിച്ച മത്തി 2021ൽ വെരും 3500 ടണ്ണായി കുത്തനെ കുറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം ശരാശരി പത്ത് സെന്‍റിമീറ്റർ വലിപ്പമുള്ള കുഞ്ഞൻ മത്തി കേരള തീരത്ത് വൻതോതിൽ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇവ കൂട്ടത്തോടെ കരയ്ക്കടിയുന്ന സാഹചര്യവുമുണ്ടായി.

ശാസ്ത്രീയ കാരണങ്ങൾ
കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിൽ ജൈവശാസ്ത്രവും സാമുദ്രകവുമായ ഘടകങ്ങൾ വിശകലനം ചെയ്താണ് സിഎംഎഫ്ആർഐ പഠനം നടത്തിയത്. കഴിഞ്ഞ വർഷം അനുകൂലമായ മൺസൂൺ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും (അപ് വെല്ലിംഗ്) മത്തി ലാർവകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ പെരുകാൻ കാരണമായി. ഇതോടെ ലാർവകളുടെ അതിജീവനം കൂടുകയും മത്തികുഞ്ഞുങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവുണ്ടാകുകയും ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال