കരൂർ ദുരന്തം: ടിവികെ നേതാക്കൾ സുപ്രിംകോടതിയിൽ



കരൂർ ദുരന്തത്തിൽ ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും ജോയിൻ്റ് ജനറൽ സെക്രട്ടറി നിർമൽ കുമാറും സുപ്രിംകോടതിയിൽ. മുൻകൂർ ജാമ്യം തേടിയാണ് ഇരുവരും സുപ്രിംകോടതി സമീപിച്ചത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നാളെ ഹർജി പരി​ഗണിക്കും. അതെ സമയം കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയിയെ രൂക്ഷമായി വിമർശിച്ച മദ്രാസ് ഹൈക്കോടതി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.

മനുഷ്യ നിർമിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോൾ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്‌‌ക്ക് നേതൃപാടവമില്ല. ദുരന്തത്തിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ഓർമിപ്പിച്ചു. പ്രദേശത്തുള്ള സിസിടിവികളും വിജയ് യുടെ പ്രചരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തിൽ വടക്കൻ മേഖല ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സിബിഐ അന്വേഷണ ആവശ്യം തള്ളിയ കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിനും വിജയ് പക്ഷത്തിനും നിർദേശം നൽകിയിട്ടുണ്ട്.

വിജയ് യുടെ പ്രചരണ വാഹനം നാമക്കൽ പൊലീസ് പിടിച്ചെടുക്കും. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്തിന് പിന്നാലെയാണ് തീരുമാനം. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി ബസ് പിടിച്ചെടുക്കാൻ ഉത്തരവിട്ടത്. വിജയ്‌യുടെ പ്രചാരണ വാഹനം ഇരുചക്രവാഹനത്തിൽ ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടും വാഹനം പിടിച്ചെടുത്ത് കേസ് റജിസ്റ്റർ ചെയ്യാത്തതെന്താണെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال