തിരുവനന്തപുരം: കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കേരളത്തിലടക്കം മഴ ഭീഷണി തത്കാലം ഒഴിഞ്ഞെങ്കിലും തുലാവർഷം കനക്കാനാണ് സാധ്യതയെന്നാണ് സൂചന. തുലാവർഷം തുടങ്ങും മുന്നേ തന്നെ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും അറബികടലിലും ബംഗാൾ ഉൾകടലിലും തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതും ഇക്കുറി, സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തവണ തുലാവർഷവും സാധാരണയിൽ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും പറയുന്നത്. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ 12% വരെ അധികം മഴ ലഭിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിൽ കേരളത്തിന് വലിയ മഴ ഭീഷണിയില്ലെന്നാണ് പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും കേരളത്തിൽ പ്രത്യേക മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. ബുധനാഴ്ചയോടെയാണ് തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുക.
അറബികടലിലും ബംഗാൾ ഉൾകടലിലും തീവ്രന്യൂന മർദ്ദ സാധ്യത
കച്ച് കടലിടുക്കിനു മുകളിലുള്ള ശക്തി കൂടിയ ന്യൂന മർദ്ദം ഗുജറാത്ത് തീരം വഴി നാളെയോടെ തീവ്ര ന്യുന മർദ്ദമായി അറബികടലിൽ പ്രവേശിക്കാൻ സാധ്യത. തുടർന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിയേക്കും. തെക്കൻ ചൈന കടലിലെ ചുഴലിക്കാറ്റ്, ചക്രവാത ചുഴിയായി ദുർബലമായി ആൻഡ് മാൻ കടലിൽ എത്തി ബുധനാഴ്ചയോടെ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി മാറും. തുടർന്ന് തീവ്ര ന്യൂനമർദ്ദമായി മാറി ഒക്ടോബർ 3 ന് ഒഡിഷ - ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. രണ്ട് ന്യൂനമർദ്ദവും (അറബികടൽ & ബംഗാൾ ഉൾക്കടൽ) കേരളത്തിൽ പൊതുവെ (വടക്കൻ കേരളത്തിൽ ചെറിയ രീതിയിൽ മഴ ലഭിച്ചേക്കും) നേരിട്ട് സ്വാധീനം കുറവായിരിക്കും.
കാലവർഷത്തോട് വിട പറഞ്ഞ് കേരളം
സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷ മഴയിൽ 13 ശതമാനം കുറവുണ്ടായതായി കണക്കുകൾ. ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരമാണ് കേരളത്തിൽ ഇത്തവണ 13 ശതമാനം മഴകുറവ് രേഖപ്പെടുത്തിയത്. 2018.6 എം എം മഴ ലഭിക്കേണ്ടിടത്ത്, ലഭിച്ചത് 1752.7 എം എം മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം ലഭിച്ചത് 1748.2 എം എം ആയിരുന്നു. 2023 ൽ ലഭിച്ചത് 1326.1 എം എം മഴയുമാണ് ( 34 ശതമാനം കുറവ് ). ജൂണ്‍ മാസത്തിൽ നാല് ശതമാനം കുറവ്, ജൂലൈയിൽ 13 ശതമാനം കുറവ്, ഓഗസ്റ്റിൽ 20 ശതമാനം കുറവ്, സെപ്റ്റംബറിൽ 24 ശതമാനം കുറവ് എന്നിങ്ങനെയാണ് കണക്കുകൾ. കാലവർഷം ആരംഭിച്ച മെയ് 24 മുതൽ സെപ്റ്റംബർ 30 പ്രകാരമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2193 എം എം (നാല് ശതമാനം അധികം) മഴ ലഭിച്ചു. ലഭ്യമായ ഔദ്യോഗിക ഡാറ്റ പ്രകാരം ഈ കാലയളവിൽ 6594 എംഎം മഴ ലഭിച്ച കക്കയം (കോഴിക്കോട്) സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത്. എന്നാൽ രാജ്യത്ത് പൊതുവെ എട്ട് ശതമാനം അധിക മൺസൂൺ മഴ ഇത്തവണ ലഭിച്ചു.