ഇടുക്കി കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങി കുടുങ്ങിപ്പോയ മൂന്ന് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സെല്‍വം എന്ന മൈക്കിള്‍, സുന്ദരപാണ്ഡ്യം എന്നിവർക്കാണ് ദാരുണാന്ത്യം. കട്ടപ്പന പാറക്കടവിലെ ഓറഞ്ച് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റ്യന്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഓടയോട് ചേര്‍ന്ന മാലിന്യ കുഴിയിലെ മാന്‍ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാള്‍ കുടുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കില്‍ അകപ്പെട്ടു. ജെ സി ബിയുടെ സഹായത്തോടെ ടാങ്കിന്റെ കോണ്‍ക്രീറ്റ് പാളികള്‍ പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ടാങ്കില്‍ ഓക്‌സിജന്റെ അഭാവമാണ് അപകടത്തിന് ഇടയാക്കിയത്.
ഒരാളെ കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയിലേക്കും മറ്റു രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. ആശുപത്രികളിൽ വെച്ച് മൂന്ന് പേരുടെയും മരണം സ്ഥിരീകരിച്ചു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ കട്ടപ്പന താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കട്ടപ്പന പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച മൂന്ന് പേരുടെയും പോസ്സ് മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും.