കിളിമാനൂര്‍ അപകടം; പാറശ്ശാല എസ്‍എച്ച്ഒ ഒളിവിൽ



തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിനെ പ്രതിചേർത്തു. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നി‍ർത്താതെ പോയതിനാണ് കേസ്. ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ എസ്എച്ച്ഒയെ പ്രതിയാക്കിയ റിപ്പോ‍ർട്ട് സമർപ്പിക്കും. അനിൽകുമാറിനെ ഇന്ന് സർ‍വീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ അനിൽ കുമാർ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും അനിൽ കുമാർ ഇന്ന് സമർപ്പിക്കും. കഴിഞ്ഞ ഏഴാം തീയതിയാണ് അനിൽ കുമാറിന്‍റെ വാഹനമിടിച്ച് രാജൻ മരിച്ചത്. സംഭവത്തിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ റൂറൽ എസ് പി ശുപാര്‍ശ നൽകിയിരുന്നു. ദക്ഷിണമേഖല ഐജിക്കാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു കൊണ്ട് റൂറൽ എസ് പി റിപ്പോർട്ട് നൽകിയത്. 


കുറ്റം സമ്മതിച്ച് എസ്‍എച്ച്ഒ അനിൽകുമാര്‍
 

സംഭവത്തിൽ എസ്എച്ച്ഒ അനിൽകുമാർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിന്‍റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിന്‍റെ വിശദീകരണം. ബിഎൻഎസ് പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്‍റെ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‍പി മഞ്ചുലാലിന് കൈമാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ അമിത വേഗതയിൽ എത്തിയ വാഹനമിടിച്ച് മരിക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال