സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് സ്ഥലംമാറ്റം


തൃശൂർ വടക്കാഞ്ചേരിയിൽ കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ നടപടി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാനെ സ്ഥലം മാറ്റി. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. മുഖംമൂടി ധരിപ്പിച്ച് കെഎസ്‌യു നേതാക്കളെ കോടതിയിൽ ഹാജരാക്കിയ നടപടിയിൽ സിഐക്ക് വീഴ്ച പറ്റി എന്ന റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ റിപ്പോർട്ട് ലഭിച്ചയുടൻ ഷാജഹാനെ അടിയന്തരമായി പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ്എച്ച്ഓ സ്ഥാനത്തുനിന്ന് നീക്കിയത്. ഇയാൾക്ക് പുതിയ ചുമതലകൾ നൽകിയിട്ടില്ല. ഒരുമാസം മുൻപ് നടന്ന എസ്എഫ്ഐ–കെഎസ്‌യു സംഘര്‍ഷത്തിൽ മൂന്നു എസ്എഫ്ഐ പ്രവർത്തകർക്കും ചില കെഎസ്‌യു പ്രവർത്തകർക്കും പരുക്കേറ്റു. ഇതിനെ തുടർന്നാണ് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ, ജില്ലാ കമ്മിറ്റി അംഗം അൽഅമീൻ, കിള്ളിമംഗലം ആർട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.എ.അസ്‌ലം എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് ഒളിവിലായിരുന്ന മൂന്നു പ്രതികളേയും വിവിധ ഇടങ്ങളിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ മുഖംമൂടി ധരിപ്പിച്ചായിരുന്നു വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കിയത്. എന്നാൽ മുഖംമൂടി ധരിപ്പിച്ച പൊലീസ് നടപടിയെ കോടതി ചോദ്യം ചെയ്തു. എന്തിനാണ് ഇവരെ മുഖംമൂടി ധരിപ്പിച്ചിരിക്കുന്നതെനായിരുന്നു കോടതി ചോദിച്ചത്.എന്നാൽ തിരിച്ചറിയൽ പരേഡ് ഉള്ളതിനാലാണ് മുഖംമൂടി ധരിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തിരികെ കോടതിയിൽ നിന്നും കൊണ്ടുപോയപ്പോഴും മുഖംമൂടി മാറ്റാൻ പൊലീസ് തയാറായിരുന്നില്ല. തുടർന്ന് പ്രതിഷേധവുമായി കോണ്ഗ്രസും കെഎസ് വും രംഗത്തുവന്നു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു മാർച്ച് സംഘടിപ്പിക്കുകയും ഡിഐജി ഓഫീസിലേക്ക് യൂത്ത് കോണ്ഗ്രസ് മുഖംമൂടി മാർച്ച് സംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال