കോഴിക്കോട്: പറമ്പ് വെട്ടിത്തെളിക്കാനെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളെ വിളിച്ച് വരുത്തി അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ മൂന്നാമത്തെയാളും പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം തട്ടപ്പിലാക്കില് വീട്ടില്‍ ടി. എച്ച് ഹാരിസ് ആണ് പിടിയിലായത്. കോഴിക്കോട് നല്ലളം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഹാരിസും കൂട്ടരും അതിഥി കൊഴിലാളികളെ വിളിച്ച് വരുത്തുകയും ഇവരുടേതാണെന്ന് പറഞ്ഞ് ഒരു പറമ്പ് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. വസ്ത്രവും മൊബൈല്‍ ഫോണും പണവും മാറ്റിവച്ച് തൊഴിലാളികള്‍ ജോലി ആരംഭിച്ചതോടെ മോഷ്ടാക്കൾ ഇതുമായി കടന്നു കളയുകയായിരുന്നു.
11,500 രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ മോഷ്ടിച്ചത്. സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് കൈതവളപ്പില്‍ അന്‍വര്‍(36), കൊല്ലം കുളത്തൂപ്പുഴ കല്ലുവെട്ടുകുഴി ഷാജുമോന്‍(46) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.