താമസിച്ചെത്തിയതിന് കുട്ടിയെ സ്കൂൾ ഗ്രൗണ്ടിൽ മൂന്ന് റൗണ്ട് ഓടിച്ച സംഭവം: പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി



കൊച്ചിയിലെ തൃക്കാക്കരയിലുള്ള കൊച്ചിൻ പബ്ലിക് സ്കൂളുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി താമസിച്ചെത്തിയതിന്, ആ കുട്ടിയെ സ്കൂൾ ഗ്രൗണ്ടിൽ മൂന്ന് റൗണ്ട് ഓടിക്കുകയും അതിനുശേഷം ഒരു ക്ലാസ് മുറിയിൽ ഒറ്റയ്ക്കിരുത്തുകയും ചെയ്തു.

രാവിലെ 8:30-നാണ് സ്കൂളിൽ ക്ലാസ് ആരംഭിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയുന്ന ഒരു നടപടിയല്ല. കൊച്ചിൻ പബ്ലിക് സ്കൂൾ ഒരു അൺഎയ്ഡഡ് വിദ്യാലയമാണെങ്കിലും, കേരള വിദ്യാഭ്യാസ ചട്ടങ്ങളും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശ നിയമങ്ങളും പാലിക്കാൻ അവർക്ക് ബാധ്യതയുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി (NOC) ലഭിച്ചതിന് ശേഷമാണ് അൺഎയ്ഡഡ് സ്കൂളുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളത്. മറ്റ് വിദ്യാലയങ്ങൾക്ക് ബാധകമായ എല്ലാ നിയമങ്ങളും ഈ സ്കൂളിനും ബാധകമാണ്. കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാനോ, ഇഷ്ടം പോലെ നിയമങ്ങൾ ഉണ്ടാക്കാനോ, ഒരു പരിധിയുമില്ലാതെ ഫീസ് വാങ്ങാനോ പാടില്ല.

കുട്ടിയുടെ പിതാവിനോട് സംസാരിച്ചപ്പോൾ, വേണമെങ്കിൽ ടി.സി. വാങ്ങി പോകാൻ സ്കൂൾ അധികാരികൾ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. എന്നാൽ, കേരളത്തിൽ അങ്ങനെയൊരു നിയമമില്ലെന്നും, ഇഷ്ടമുള്ളപ്പോൾ കുട്ടികളെ ചേർക്കാനും ഇഷ്ടമില്ലാത്തപ്പോൾ ടി.സി. വാങ്ങി പോകാൻ പറയാനും അധികാരം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ പൂർണ്ണ വിവരങ്ങൾ നാളെ ലഭ്യമായേക്കും, അതിനുശേഷം വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും അറിയിച്ചു. കുട്ടിയുടെ രക്ഷിതാവ് ഫോണിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും, കുട്ടിക്ക് കൗൺസിലിംഗ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

കുട്ടിയുടെ രക്ഷിതാക്കൾക്ക് ആ കുട്ടി അവിടെത്തന്നെ പഠിക്കണം എന്നാണ് ആഗ്രഹം, ടി.സി. വാങ്ങേണ്ടെന്ന് മന്ത്രി പറഞ്ഞതായും അറിയിച്ചു. വൈകിയെത്തുന്ന കുട്ടികളെ ഈ സ്കൂളിൽ നിരന്തരമായി ഓടിക്കാറുണ്ടെന്നും അതിനെ ‘ജോഗിംഗ്’ എന്ന് വിളിക്കാറുണ്ടെന്നും ആരോപണമുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് വൈകിയെത്തുന്ന എല്ലാ കുട്ടികളെയും രണ്ട് റൗണ്ടോ മൂന്ന് റൗണ്ടോ ഓടിക്കുന്നതും പിന്നീട് ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരുത്തുന്നതും ഇവിടെ നിത്യ സംഭവമാണെന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇത്തരം കാര്യങ്ങൾ സ്കൂളിന്റെ ഡയറിയിൽ അവരുടെ നിയമമായി പ്രിന്റ് ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു, എന്നാൽ ഡയറിയിൽ അങ്ങനെ പ്രിന്റ് ചെയ്യാൻ അവർക്ക് ആരും അധികാരം നൽകിയിട്ടില്ല. ഇത്തരം നടപടികൾ പല സ്കൂളുകളിലും നടക്കാറുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടുണ്ട്. പല സ്കൂളുകളും സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കുകയും അത് പാലിക്കാത്ത കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

പി.ടി.എ, മാനേജ്‌മെന്റ്, അധ്യാപകർ ആരു പറഞ്ഞാലും പൊതുവായ ചില നിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഈ കാര്യങ്ങളിൽ കുറെ നാളുകളായി സർക്കാർ ഇടപെടുന്നുണ്ടെന്നും പതിയെ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഈ അനാവശ്യ നിയമങ്ങൾ മാറ്റാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

കൊച്ചിയിൽ നേരത്തെയും ഇതുപോലൊരു പ്രശ്നം ഒരു സ്കൂളിൽ ഉണ്ടായിട്ടുണ്ടായിരുന്നു, ഇതെല്ലാം സി.ബി.എസ്.ഇ. സ്കൂളുകളിലാണ് നടക്കുന്നത്. ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കാൻ ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി നിന്നാൽ കഴിയുമെന്നും, അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഈ കാര്യത്തിൽ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും പറഞ്ഞു. അനാവശ്യ നിയമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാൻ കഴിയുമെന്നും അതിന് അനുകൂലമല്ലാത്ത വിദ്യാലയ അധികാരികൾ ഒറ്റപ്പെടുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മൂന്ന് മാസക്കാലയളവിലുണ്ടായ പ്രശ്നങ്ങളിൽ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഈ കാര്യത്തിലും സമാനമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال