മലപ്പുറം: സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രതിയായ മലപ്പുറം ജില്ലാപഞ്ചായത്തംഗം ടി.പി. ഹാരിസിനെ (36) വെള്ളിയാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ പിടികൂടി. വിദേശത്തായിരുന്ന ഇയാള്‍ ഇന്ത്യയിലെത്തിയപ്പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു. 24 മണിക്കൂര്‍ വിമാനത്താവളത്തില്‍ സൂക്ഷിക്കാനുള്ള തടസ്സംകാരണം മുംബൈ പോലീസിനു കൈമാറി.
ഇനി മലപ്പുറം പോലീസ് മുംബൈയിലെത്തി അറസ്റ്റുചെയ്ത് അവിടത്തെ കോടതിയില്‍ ഹാജരാക്കിയശേഷം മലപ്പുറത്തേക്കു കൊണ്ടുവരുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. വിഷ്ണു പറഞ്ഞു.
മക്കരപ്പറമ്പ് വാര്‍ഡില്‍നിന്ന് മുസ്ലിംലീഗ് പ്രതിനിധിയായി വിജയിച്ച ഹാരിസ് ജില്ലാപഞ്ചായത്തിലെ പര്‍ച്ചേസ് കമ്മിറ്റി അംഗമാണ്. ജില്ലാപഞ്ചായത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ഏജന്‍സികള്‍ മുഖേന വിവിധ വസ്തുക്കള്‍ വാങ്ങിയതിന്റെ പേരിലാണ് ഹാരിസിന്റെ പേരില്‍ തട്ടിപ്പാരോപണം ഉയര്‍ന്നത്. ഇതിനുവേണ്ട പണം തനിക്കു നല്‍കിയാല്‍ ബില്ലുപാസായി പണം കിട്ടുമ്പോള്‍ നല്ല ലാഭമുണ്ടാകുമെന്നും അതിന്റെ വലിയൊരുവിഹിതം നല്‍കാമെന്നും പറഞ്ഞ് പണം സമാഹരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ആറുപേര്‍ ഹാരിസിനെതിരേ പോലീസില്‍ പരാതി നല്‍കി. 25 ഓളം കോടിരൂപ തട്ടിയെന്നാണ് പരാതി. എന്നാല്‍ ഹാരിസ് 3.57 കോടിരൂപ തട്ടിയെന്ന രാമപുരം സ്വദേശി എം. സഫീറിന്റെ പരാതിയിലുള്ള കേസേ നിലവില്‍ മലപ്പുറം പോലീസിലുള്ളൂ.
മലപ്പുറത്തെത്തിച്ചാല്‍ മറ്റു പരാതികളുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. കൂടുതലാളുകളുടെ മൊഴിയെടുക്കും. സര്‍ക്കാര്‍ ഫണ്ടുകള്‍ തിരിമറി നടത്തിയിട്ടുണ്ടോ എന്നും തട്ടിപ്പില്‍ സെക്രട്ടറിക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.