പ്രഷര്‍ പമ്പിന്റെ സഹായത്തോടെ ക്ഷേത്ര പരിസരം ശുചീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ക്ഷേത്രത്തിലെ ജീവനക്കാരന്‍ മരിച്ചു



വിഴിഞ്ഞം (തിരുവനന്തപുരം): പ്രഷര്‍ പമ്പിന്റെ സഹായത്തോടെ ക്ഷേത്ര പരിസരം ശുചീകരിക്കുന്നതിനിടെ അതേ പമ്പില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ക്ഷേത്രത്തിലെ ജീവനക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര ഡാലു മുഖം ചാമവിള പെരുമ്പാറത്തല പൗര്‍ണമിയില്‍ വിജയന്റെയും സിന്ധു വിജയന്റെയും മകന്‍ രാഹുല്‍ വിജയന്‍ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ പുളിങ്കുടി ആഴിമല ശിവ ക്ഷേത്രത്തിലായിരുന്നു അപകടം.

ഞായറാഴ്ച്ച ചിങ്ങം ഒന്നാം തീയതിയായതിനാല്‍, ശ്രീകോവില്‍ അടക്കമുള്ള ഉപദേവതമാരുടെ ക്ഷേത്രങ്ങള്‍ക്ക് ചുറ്റിലുമുള്ള പരിസരം പ്രഷര്‍ പമ്പിന്റെ സഹായത്തോടെ വെള്ളമൊഴിച്ച് ശുചീകരിക്കുകയായിരുന്നു രാഹുല്‍. പാര്‍വ്വതി ദേവിയുടെ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗം വൃത്തിയാക്കുന്നതിനിടെ പമ്പില്‍ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാഹുലിന്റെ വലതുകൈയില്‍ വൈദ്യുതാഘതമേറ്റ് പൊള്ളിക്കരിഞ്ഞതിന്റെ പാടുണ്ട്. ക്ഷേത്രപരിസരത്ത് നിന്ന് അമിതമായി വെള്ളം ഒഴുകിപ്പോകുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ ക്ഷേത്രത്തില്‍ നടത്തിയ പരിശോധനയിലാണ് കമഴ്ന്ന നിലയില്‍ ബോധരഹിതനായി കിടക്കുന്ന രാഹുലിനെ കണ്ടത്.
ഉടന്‍തന്നെ ക്ഷേത്രത്തിലെ മറ്റ് ഭാരവാഹികളെ വിവരമറിയിച്ചു. തുടര്‍ന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാഹുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഫൊറന്‍സിക് ഉദ്യോഗസ്ഥരടക്കം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. വിഴിഞ്ഞം പോലീസ് കേസെടുത്തു. രാഹുലിന്റെ സഹോദരി: രേഷ്മാ വിജയന്‍. സഹോദരിയുടെ ഭര്‍ത്താവ്: ജി. അരവിന്ദ് (സൈനികന്‍). സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിക്ക്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال