കാർഷികസർവകലാശാലയിൽ ആരോപണങ്ങൾ തുടരുന്നു



തൃശ്ശൂർ: കാർഷിക സർവകലാശാലയിൽ ആരോപണങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. ആറരവർഷമായി പൂട്ടിക്കിടന്നിരുന്ന ഇട്ടി അച്യുതൻ സ്മാരക സസ്യോദ്യാനം തുറക്കാനുള്ള നടപടി ഏതാണ്ട് പൂർത്തിയാകുന്പോളാണ് പുതിയ ആരോപണനിര.

ആരോപണം ഒന്ന്: സസ്യോദ്യാനത്തിലെ മൂന്ന് ചന്ദനമരങ്ങൾ മോഷണംപോയി. ഇക്കാര്യത്തിൽ സർവകലാശാല നടപടി സ്വീകരിച്ചില്ല.
സർവകലാശാലയുടെ മറുപടി: ചന്ദനമരം കാണാതായ സംഭവത്തിൽ തുടർനടപടി സ്വീകരിക്കേണ്ട ചീഫ് സെക്യൂരിറ്റി ഓഫീസറെ 24 മണിക്കൂറിനുള്ളിൽ വിവരം അറിയിച്ചു. അദ്ദേഹമാണ് ഇതുസംബന്ധിച്ച് പരാതിപ്പെടേണ്ടത്. പക്ഷേ, നടപടി സ്വീകരിച്ചില്ല.
ആരോപണം രണ്ട്: വെറ്ററിനറി സർവകലാശാലയുമായുള്ള സ്ഥലത്തർക്കം പരിഹരിക്കാൻ കാർഷിക സർവകലാശാലയുടെ മണ്ണുത്തി കാമ്പസ് വിട്ടുനൽകുന്നതോടെ കാർഷിക ഗവേഷണ കേന്ദ്രം ഇല്ലാതാകും. അതുവഴി കർഷകർ അവിടെനിന്നു വാങ്ങിയിരുന്ന നടീൽവസ്തുക്കൾ നട്ടുവളർത്തി നേടാവുന്ന 125.14 കോടിയുടെ വാർഷികവരുമാനം നഷ്ടമാകും. ഇവിടെനിന്നുള്ള മറ്റു സേവനങ്ങൾകൂടി കണക്കിലെടുത്താൽ നഷ്ടം 200 കോടിയാകും.
മറുപടി: മണ്ണുത്തി കാമ്പസ് കൈമാറാനുള്ള തീരുമാനം കാർഷിക സർവകലാശാല അംഗീകരിച്ചിട്ടില്ല.
ആരോപണം മൂന്ന്: വിരമിച്ച നാല് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് കരാറടിസ്ഥാനത്തിൽ അതേ തസ്തികയിൽ പുനർനിയമനം നൽകി. സാമ്പത്തികപ്രതിസന്ധി കാരണം പെൻഷൻ ആനുകൂല്യംപോലും നൽകാൻപറ്റാത്ത സ്ഥിതിയിലായിരിക്കെയാണ് കരാർ നിയമനം.
മറുപടി: സർവകലാശാലാ ഭരണസമിതിയുടെ അനുമതിയോടെയാണ് കരാർ നിയമനം നടത്തിയത്. വിരമിച്ചവരായതിനാൽ പെൻഷൻ തുകയ്ക്ക് അധികമായിവരുന്ന പണം മാത്രം ശമ്പളമായി നൽകിയാൽ മതി. പതിനായിരത്തിൽ താഴെയാണിത്.
മുഖ്യമന്ത്രിയെ സമീപിച്ച് കൃഷിവകുപ്പ്
കാർഷികസർവകലാശാലയുടെ മണ്ണുത്തിയിലെ ഭൂമി കൈമാറാനുള്ള തീരുമാനത്തിനെതിരേ കൃഷിവകുപ്പ് മുഖ്യമന്ത്രിക്ക് കത്തുനൽകി. വൈസ് ചാൻസലറുടെ വസതിയുൾപ്പെടെ 45 ഏക്കർ ഭൂമിക്കുപുറമേ ദേശീയപാതയോട് ചേർന്നുള്ള മൂന്നേക്കർ ഭൂമികൂടി കൈമാറാനാണ് നിലവിൽ നീക്കം. ഇതോടെ സർവകലാശാലയുടെ മണ്ണുത്തി മേൽവിലാസംതന്നെ നഷ്ടമാകും.‍
അവസാനഘട്ടത്തിൽ അഗ്രിക്കൾച്ചർ ടെക്‌നോളജി ഇൻഫർമേഷൻ സെന്ററടക്കമുള്ള മൂന്നേക്കർ ഭൂമികൂടി മിനിറ്റ്സിൽ ചേർത്തതിനുപിന്നിൽ സമ്മർദതന്ത്രംകൂടിയുണ്ടോയെന്ന സംശയവും ജീവനക്കാർ ഉയർത്തുന്നുണ്ട്. ഭൂമികൈമാറ്റം സർവകലാശാലയ്ക്ക് എത്രമാത്രം ദോഷകരമാകുമെന്നു ചൂണ്ടിക്കാട്ടി സിപിഎം അനുകൂല സംഘടനകൾ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പ്രത്യേകം കത്തുകൾ നൽകിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال