ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതും ചീത്തവിളിക്കുന്നതുമായ പുതിയ ദൃശ്യങ്ങള്‍ പുറത്ത്



കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതും ചീത്തവിളിക്കുന്നതുമായ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ സതീഷ് ശങ്കര്‍ അതുല്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. മദ്യപിച്ചാണ് സതീഷ് സംസാരിക്കുന്നത്. നിന്നെ ഞാന്‍ എവിടെയും വിടില്ല. കുത്തി മലര്‍ത്തി സതീഷ് ജയിലില്‍ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട എന്ന് സതീഷ് പറയുന്നു.

ഫോണില്‍ എല്ലാം റെക്കോഡ് ചെയ്യുന്നുവെന്ന് മനസ്സിലായ സതീഷ് അതുല്യക്കരികിലേക്ക് പാഞ്ഞു വരുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.കൂടാതെ പത്ത് വര്‍ഷമായി പീഡനം സഹിക്കുന്നുവെന്നും ഇനി സാധിക്കില്ലെന്നും അതുല്യ പറയുമ്പോള്‍ സതീഷ് ക്രൂരമായി ഉപദ്രവിക്കുകയാണ്. തൊട്ടുപിന്നാലെ അതുല്യ വേദനകൊണ്ട് അലറിക്കരയുന്നതും കേള്‍ക്കാം. പത്ത് വര്‍ഷമായി പീഡനം സഹിക്കുന്നുവെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അതുല്യയുടെ കുടുംബമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദൃശ്യങ്ങള്‍ സമര്‍പ്പിച്ചത്. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു.
ജൂലായ് 19-നാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സതീഷിന്റെ മാനസിക ശാരീരിക പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ പരാതി. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതുല്യ സഹോദരിയ്ക്ക് അയച്ചുനല്‍കിയിരുന്നു. താന്‍ ആ വീട്ടില്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നത്.
വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നു. അതുല്യയുടെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. വഴക്കിന് ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞ് പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കുകയായിരുന്നു പതിവ്. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അതുല്യയുടെ വീട്ടുകാര്‍ പലപ്പോഴും ബന്ധമൊഴിയാന്‍ പറഞ്ഞിരുന്നുവെങ്കിലും സതീഷ് മാപ്പ് പറഞ്ഞ് സമീപിക്കുന്നതോടെ അതുല്യ അയാളോടൊപ്പം പോകുകയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സതീഷിന് മദ്യപാനം പതിവായിരുന്നു. സതീഷും അതുല്യയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതായും അതും സതീഷിന് പ്രശ്നമായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മരണം. സംഭവത്തിന് പിന്നാലെ ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായ ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഷാര്‍ജയിലെ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ച സതീഷിനെ വിമാനത്താവളത്തില്‍ വച്ച് വലിയതുറ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال